ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വാഹനങ്ങളുടെ നിരയുള്ള സേനയാണ് ദുബായ്‌ പോലീസ്. ഫെരാരി, ബുഗാട്ടി, ലംബോര്‍ഗിനി, മസേരാറ്റി തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പോലീസിനുള്ളത്. ഈ നിരയിലേക്ക് പുതിയ ഒരു ആഡംബര എസ്.യു.വി. കൂടി എത്തിയിരിക്കുകയാണ്. ഹ്യുണ്ടായിയുടെ പ്രീമിയം വാഹന വിഭാഗമായ ജെനിസിസിന്റെ GV80 ആണ് പുതിയ വാഹനം. 

ഹ്യുണ്ടായി വിദേശ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള പാലിസേഡ് എന്ന വാഹനത്തിന്റെ പ്ലാറ്റ്‌ഫോമാണ് GV80-നും അടിസ്ഥാനമൊരുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് ഈ വാഹനം ജെനിസിസസ് വിപണിയില്‍ എത്തിച്ച് തുടങ്ങിയത്. മികച്ച പ്രകടനവും സുരക്ഷയും ആഡംബരവും ഉറപ്പാക്കുന്നതിനാലാണ് ഈ വാഹനത്തിന് ദുബായ്‌ പോലീസ് സേനയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുന്നത്. 

300 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും 375 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനിലുമാണ് ജെനിസിസ് GV80 എസ്.യു.വിക്ക് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. ദുബായി പോലീസ് സേനയിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നതെങ്കിലും മികച്ച യാത്ര അനുഭവം ഈ വാഹനം ഉറപ്പാക്കും.

ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്താങ്ങ്, ബി.എം.ഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങിയവയാണ് ദുബായി പോലീസിന്റെ വാഹനങ്ങളില്‍ ചിലത്.

Content Highlights: Dubai Police Adds Genesis GV80 SUV To Its luxury Vehicle Fleet