പോലീസിന്റെ ആഡംബര വാഹനനിരയിലേക്ക് സൂപ്പര്‍കാറായ ഓഡി ആര്‍ 8 കൂപ്പെ എത്തി. ആര്‍-8 കൂപ്പെയുടെ രണ്ട് യൂണിറ്റാണ് പുതുതായി എത്തിയിട്ടുള്ളത്. ഫോഴ്സ് ആന്‍ഡ് അല്‍ നബൂദ ഓട്ടോമൊബൈല്‍സ് ഓഡി ദുബായുമായുള്ള പോലീസ് പങ്കാളിത്തത്തെതുടര്‍ന്നാണിത്. അല്‍ നബൂദ ഓട്ടോമൊബൈല്‍സ് സി.ഇ.ഒ. കെ. രാജാറാമില്‍നിന്ന് ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സലിം അല്‍ ജലാഫ് വാഹനം ഏറ്റുവാങ്ങി. 

ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സായിദ് അല്‍ അയാലി, ടൂറിസ്റ്റ് പോലീസ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുബാറഖ് സായിദ് സലിം ബിന്‍വാസ് അല്‍ കെത്ബി, ഓഡി മിഡിലീസ്റ്റ് എം.ഡി. കാസ്റ്റല്‍ ബെന്‍ഡര്‍ എന്നിവര്‍ സംബന്ധിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരമായ ദുബായിലെത്തുന്ന സന്ദര്‍ശകര്‍ക്കുമുമ്പില്‍ ആഡംബര വാഹനങ്ങളുടെ പട്രോളിങ് നടക്കും.

ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഔഡിയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലാണ് ആര്‍-8. 2013-ലാണ് ഔഡി ഈ വാഹനം ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പിന്നീട് 2019-ല്‍ ഈ വാഹനത്തിന്റെ പുതിയ പതിപ്പും വിപണിയില്‍ എത്തിയിരുന്നു. സ്‌പോര്‍ട്‌സ് കാര്‍ ഭാവം നല്‍കുന്നതും മുന്‍ഭാഗം മുഴുവന്‍ വ്യാപിച്ച് കിടക്കുന്നതുമായി ബമ്പര്‍, വലിപ്പമേറിയ ഗ്രില്ല്, എയര്‍ ഇന്‍ ടേക്ക്, ഡിഫ്യൂസര്‍ തുടങ്ങിയവ യഥാര്‍ഥ സ്‌പോര്‍ട്‌സ് കാര്‍ ഭാവം നല്‍കും. 

5.2 ലിറ്റര്‍ വി10 പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 5204 സി.സിയില്‍ 540 ബി.എച്ച്.പി. പവറും 540 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 320 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സ്‌പോര്‍ട്‌സ് കാര്‍ കേവലം 3.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയും കൈവരിക്കും. 4426 എം.എം. നീളവും 1940 എം.എം. വീതിയും 2650 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും ആര്‍8-ലുണ്ട്.

എന്നാല്‍, സൂപ്പര്‍ കാറുകളുടെയും സ്‌പോര്‍ട്‌സ് കാറുകളുടെയും വലിയ ശേഖരമാണ് ദുബായ് പോലീസിലുള്ളത്. ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഒടുവിലെ മോഡലാണ് ആര്‍8. മസൊരാട്ടി ഗ്രാന്‍ഡ് ടൂറിസ്‌മോ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ്, ജനീസിസ് ജി.വി.80, മെഴ്‌സിഡസ് എ.എം.ജി. ജി.ടി-63 എസ്, ഔഡിയുടെ തന്നെ ആഡംബര വാഹനമായ A6-ന്റെ 100 യൂണിറ്റ് തുടങ്ങിയ വാഹനങ്ങള്‍ അടുത്തിടെ ദുബായി പോലീസ് വാഹന ശ്രേണിയില്‍ എത്തിയവയാണ്.

Content Highlights: Dubai police adds Audi R8 sports cars to their vehicle fleet, Dubai police super cars, sports cars