ഡംബര വാഹനശ്രേണിയിലേക്ക് ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജുകൂടി ഉള്‍പ്പെടുത്തി ദുബായ് പോലീസ്. ആഡംബരത്തിന്റെയും കരുത്തിന്റെയും പര്യായമായ ഈ വാഹനം പോലീസിന്റെ പൊതുപരിപാടികളിലെ തിളങ്ങും താരമാകും. ദുബായ് പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് ചീഫ് കാമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വാഹനം ഏറ്റുവാങ്ങി.

അന്താരാഷ്ട്ര പരിപാടികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഈ വാഹനത്തില്‍ പോലീസ് പട്രോളിങ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ. വിപണിയില്‍ 50 വര്‍ഷമായുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ പോലീസ് നിരയിലേക്കെത്തുമ്പോള്‍ ആഡംബര സ്‌പോര്‍ട്‌സ് കാറുകളുടെ നിരകൂടുതല്‍ ശ്രദ്ധിക്കപ്പെടും. 

ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രശസ്തമായ ഈ വാഹനം ലോകത്തെ വാഹനപ്രേമികളുടെ സ്വപ്നമാണ്. ജെയിംസ് ബോണ്ടിന്റെ വിഖ്യാത '007' എന്ന നമ്പറില്‍നിന്നുള്ള ഏഴും യു.എ.ഇ.യുടെ ഏഴ് എമിറേറ്റുകള്‍ എന്ന ആശയത്തില്‍ മറ്റൊരു ഏഴും കൂടിചേര്‍ത്ത് '77' എന്ന നമ്പറാണ് പോലീസ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

'നോ ടൈം ടു ഡൈ' എന്ന പുതിയ ബോണ്ട് സിനിമ അടുത്തമാസം ആഗോള റിലീസിങ്ങിന് കൂടി തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഏറെ ശ്രദ്ധിക്കപ്പെടും. മണിക്കൂറില്‍ 314 കിലോമീറ്റര്‍ വരെ വേഗമെടുക്കാന്‍ ശേഷിയുള്ള ഈ വാഹനം പോലീസ് സ്വന്തമാക്കിയത് ഏറെ അഭിമാനം പകരുന്നതാണെന്ന് ആസ്റ്റണ്‍ മാര്‍ട്ടിന്‍ മിന മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി റംസി അടാത് പറഞ്ഞു.

Content Highlights: Dubai Police Adds Aston Martin Vantage To Its Vehicle Fleet