ആഡംബര വാഹനശ്രേണിയിലെ പുതിയതാരം ലംബോർഗിനി ഉറുസുമായി ദുബായ് പോലീസ് | Photo: Facebook/Dubai Police
ആഡംബരവാഹന ശ്രേണികൊണ്ട് ലോകത്തിലെ വാഹനപ്രേമികളെ അമ്പരപ്പിക്കാറുണ്ട് ദുബായ് പോലീസ്. അവരുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസ്. കരുത്തിന്റെയും വേഗത്തിന്റെയും പ്രതീകമായ ലംബോര്‍ഗിനി ഉറുസിന് ഇന്ത്യന്‍ രൂപ 3.15 കോടി രൂപയാണ് എക്സ്ഷോറും വില.
നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് വാഹനത്തിന് കരുത്തുനല്കുന്നത്. ഇത് 650 ബി.എച്ച്.പി. പവറും 850 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏത് വാഹനത്തെയും പിന്തുടര്ന്ന് പിടികൂടാനുള്ള കരുത്ത് പോലീസിലെ ഈ പുതിയ അതിഥിക്ക് നല്കുന്നു. കേവലം 3.6 സെക്കന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷി ഈ വേഗരാജാവിനുണ്ട്.
സ്പോര്‍ട്സ് കാറിന്റെയും എസ്.യു.വി.യുടെയും സവിശേഷതകള്‍ ഒരുപോലെ പ്രകടമാക്കുന്ന ഈ വാഹനം ദുബായ് പോലീസ് ബീക്കണ്‍ ലൈറ്റിട്ട് നഗരത്തില്‍ ചീറിപ്പായുന്നത് കാണാനാകും. ഫോക്സ്വാഗണിന്റെ എം.എല്‍.ബി. ഇവോ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എസ്.യു,വിയാണ് ഉറുസ്. രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉറുസിന് 'സൂപ്പര്‍ എസ്.യു.വി.' എന്ന വിശേഷണവുമുണ്ട്.
ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി മിന മാര്‍ക്കറ്റിങ്, സെയില്‍സ് മേധാവികളായ ആന്‍ഡ്രു ബൗക്സ്, പൗലോ സര്തോരി എന്നിവരില്‍നിന്ന് ദുബായ് പോലീസ് ചീഫ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മാരി വാഹനം ഏറ്റുവാങ്ങി. ദുബായിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളില്‍ നടക്കുന്ന പ്രത്യേക പരിപാടികളില്‍ പോലീസ് പട്രോളിങ്ങിന് ഉറുസ് ഉപയോഗിക്കുമെന്ന് അല്‍മാരി പറഞ്ഞു.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിങ്ങ് മോഡുകളാണ് ഉറുസിലുള്ളത്. 305 കിലോമീറ്ററാണ് പരമാവധി വേഗം. 2017-ലാണ് ആഡംബര സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയില്‍ നിന്ന് ആദ്യ എസ്.യു.വിയായി ഉറുസ് പുറത്തിറങ്ങുന്നത്.
Content Highlights: Dubai Police Add Lamborghini Urus SUV To Their Vehicle Fleet, Dubai Police, Lamborghini Urus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..