5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രൈവറില്ലാ വാഹനം ഓടിക്കാന്‍ ദക്ഷിണകൊറിയ. ഇതിനായി പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പരീക്ഷണകേന്ദ്രം ശനിയാഴ്ച സിയോളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയൻ ശാസ്ത്ര മന്ത്രാലയം അറിയിച്ചു. 

ഏഷ്യയിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ദക്ഷിണകൊറിയയില്‍ കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് 5ജി സേവനങ്ങള്‍ ആരംഭിച്ചത്. കോപ്പറേറ്റീവ് ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റംസ് (സി.ഐ.ടി.എസ്.) എന്ന പേരിലുള്ള സേവനം 24 മണിക്കൂറും ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 

നാല് ബസും മൂന്നു കാറുമാണ് പരീക്ഷണ ഓട്ടത്തിന് സജ്ജമായിരിക്കുന്നത്. ആളുകളുമായി 1.1 കിലോമീറ്ററുള്ള പരീക്ഷണപാതയിലൂടെ വാഹനങ്ങള്‍ ഓടിക്കും. ഡ്രൈവർക്ക് പകരം 5 ജിയിലൂടെയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ റോഡിലെ ഗതാഗത സിഗ്‌നലുകൾ തിരിച്ചറിയാനും തടസ്സങ്ങൾ ഒഴിവാക്കാനുമുള്ള സംവിധാനം പൊതുജനങ്ങള്‍ക്ക് ഇവിടെ അനുഭവിച്ചറിയാം. 

വൈദ്യുത റീച്ചാര്‍ജിങ് സ്റ്റേഷന്‍, റോഡുകളുടെ ത്രീഡി മാപ്പ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള കണ്‍ട്രോള്‍ ടവര്‍ പ്രവര്‍ത്തസജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

ഡ്രൈവറില്ലാ കാറുകള്‍ പരീക്ഷിക്കാന്‍ 60 കിലോമീറ്റര്‍ നീളമുള്ള പാത സിയോളിലെ ഹ്വസാങ്ങില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍, പൊതുജനങ്ങളെ പങ്കെടുപ്പിച്ചുള്ള പരീക്ഷണമല്ല അവിടെ നടത്തിവരുന്നത്.

Content Highlights: Driverless Car Test Run