സാങ്കേതികവിദ്യയുടെ വികാസം ലോകത്തിലെ പല മേഖലകളിലേയും പോലും വാഹനങ്ങളിലും ചെറുതല്ലാത്ത മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. വാഹന മേഖലയില്‍ നടക്കുന്ന പഠനങ്ങളും പരീക്ഷണങ്ങളും ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ കണ്ടുപിടുത്തത്തിലാണ് എത്തി നില്‍ക്കുന്നത്. ഏറെ വൈകാതെ തന്നെ ഇത് പൂര്‍ണമായും സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വാഹനത്തില്‍ നിന്ന് ഡ്രൈവര്‍മാര്‍ അപ്രത്യക്ഷരാകുന്ന കാലം ഏറെ വിദൂരമല്ലെന്ന് സൂചന നല്‍കുകയാണ് ചില പഠന റിപ്പോര്‍ട്ടുകള്‍.

ഗവേഷക സ്ഥാപനമായ ഐഡിടെക്എക്‌സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2024-ഓടെ ഓട്ടോണമസ് വാഹനങ്ങള്‍ സ്വയം സുരക്ഷിതമായി ഓടുന്ന സംവിധാനങ്ങള്‍ ഒരുങ്ങുമെന്നാണ് പറയുന്നത്. 2040-ഓടെ ആഗോളതലത്തില്‍ തന്നെ ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ സജീവമാകും. 2050 ആകുന്നതോടെ വാഹനങ്ങളിൽ  ഡ്രൈവര്‍മാര്‍ ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്നും ഐഡിടെക്എക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അധികമായി വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ, 2014-ല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെയ്ല്‍ കീപ്പ് ആന്‍ഡ് ചെയ്ഞ്ച് എന്ന ഫീച്ചര്‍ ടെസ്‌ല മോഡല്‍ എസില്‍ അവതരിപ്പിച്ചിരുന്നു. ലെവല്‍ വണ്‍ ഓട്ടോണമസ് സംവിധാനങ്ങളെന്നാണ് ഈ സംവിധാനങ്ങളെ വിശേഷിപ്പിക്കുന്നത്. 2024- ആകുന്നതോടെ മനുഷ്യര്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ സുരക്ഷിതമായി ഓട്ടോണമസ് വാഹനങ്ങള്‍ ഓടുന്ന സാഹചര്യം ഒരുങ്ങുമെന്നാണ് പഠനം.

മൊബൈല്‍ ഫോണ്‍, വാഹനത്തിലെ മറ്റ് യാത്രക്കാര്‍ തുടങ്ങി ഒരു ഡ്രൈവറിന്റെ ശ്രദ്ധ തിരിക്കാന്‍ കഴിയുന്ന പല ഘടകങ്ങളുമുണ്ട്. എന്നാല്‍, ഇത്തരം ഘടകങ്ങളൊന്നും ഓട്ടോണമസ് വാഹനങ്ങളുടെ സുരക്ഷയ്ക്ക് തടസ്സമാകില്ലെന്നാണ് ഓട്ടോണമസ് കാര്‍സ്, റോബോടാക്‌സിസ് ആന്‍ഡ് സെല്‍സേഴ്സ് 2022-2042 എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 5ജി കണക്ടിവിറ്റി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകള്‍ പ്രവര്‍ത്തിക്കുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

2046 ആകുമ്പോഴേക്കും യു.എസില്‍ പ്രതിവര്‍ഷം മൂന്ന് ട്രില്ല്യണ്‍ മൈലുകള്‍ യാത്ര ചെയ്യുന്ന തലത്തിലേക്ക് ഓട്ടോണമസ് കാറുകള്‍ വികസിക്കുമെന്നാണും റിപ്പോര്‍ട്ടുകളുണ്ട്. 2050-ഓടെ ലോകത്തിലെ എല്ലാ ഗതാഗത മേഖലയിലേക്കും ഓട്ടോണമസ് വാഹനങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമെന്നുമാണ് ഐഡിടെക്എക്‌സ് വിലയിരുത്തുന്നത്. വാഹന മേഖലയുടെ വികസനത്തിന് സാങ്കേതികവിദ്യ ഒരു തടസ്സമാകില്ല. എന്നാല്‍, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തടസ്സമായേക്കാം.

Source: Car and Bike

Content Highlights: Driverless Car, Safe Cars, Autonomous Cars, Auto Driving Technology