ടെസ്‌ല കാർ | Photo: Twitter|RCMP Alberta
കാറുകളില്‍ നല്‍കുന്ന ഓട്ടോ പൈലറ്റ് എന്ന അത്യാധുനിക സംവിധാനം ഏറെ പ്രയോജനകരമാണ്. എന്നാല്‍, ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നവരും നിരവധിയുണ്ട്. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാര്‍ ഓട്ടോ പൈലറ്റ് മോഡില്‍ 140 കിലോ മീറ്റര്‍ സ്പീഡ് സെറ്റ് ചെയ്ത ഡ്രൈവറെ പോലീസ് കൈയോടെ പൊക്കിയതാണ് പുതിയ വാര്‍ത്ത.
കാനഡയിലാണ് സംഭവം. കാര്‍ ടെസ്‌ലയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കാറിനുള്ളിലെ രണ്ട് സീറ്റുകളും പൂര്‍ണമായും ചാരിയിട്ട ശേഷം ഡ്രൈവറും കൂടെയുണ്ടായിരുന്ന വ്യക്തിയും നല്ല ഉറക്കത്തിലായിരുന്നു. 140 കിലോ മീറ്റര്‍ സ്പീഡില്‍ ഓടുന്നതിനിടെയാണ് പോലീസ് കാര്‍ തടഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റോയല്‍ കനേഡിയല്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി) ആല്‍ബെര്‍ട്ടയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഡ്രൈവറിനെതിരേ കേസെടുത്തതായും പോലീസ് ട്വിറ്ററില്‍ അറിയിച്ചു. 20-കാരനായിരുന്നു ടെസ്‌ലയുടെ ഡ്രൈവര്‍. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കിയതായും പോലീസ് അറിയിച്ചു.
വാഹനങ്ങളില്‍ ഓട്ടോ പൈലറ്റ് പോലുള്ള സംവിധാനങ്ങള്‍ നല്‍കുന്നത് ഡ്രൈവറുടെ ആയാസം കുറയ്ക്കുന്നതിനായാണ്. ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നുമാണ് പോലീസിന്റെ വാദം. ഓട്ടോ പൈലറ്റ് സംവിധാനത്തിലും ഡ്രൈവിങ്ങിന്റെ ഉത്തരവാദിത്തം ഡ്രൈവറിനാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
പൂര്‍ണമായും ഓട്ടോമാറ്റിക് ഡ്രൈവിങ്ങിനായല്ല ടെസ്‌ല ഓട്ടോ പൈലറ്റ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ മോഡിലാണെങ്കിലും ഡ്രൈവറുടെ കൈ സ്റ്റിയറിങ്ങ് വീലില്‍ വേണമെന്നുള്ളത് നിര്‍ബന്ധമാണ്. എന്നാല്‍, ഇത് പാലിക്കുന്നവര്‍ വളരെ കുറവാണ്. അടുത്തിടെ ഓട്ടോ പൈലറ്റ് മോഡില്‍ ഓടിയ വാഹനം പോലീസ് വണ്ടിയിലിടിച്ച അപകടമുണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: Driver Arrested For Sleeping While Tesla Was On Autopilot At 140 kmph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..