ലേലത്തിന് വെച്ചിട്ടുള്ള റോൾസ് റോയിസ് ഫാന്റവും ട്രംപിന്റെ ഓട്ടോഗ്രാഫും | Photo: Mecum Auctions
സ്ഥാനമൊഴിയുന്നതോടെ തന്റെ ആഡംബര വാഹനമായ റോള്‍സ് റോയിസ് ഫാന്റവും വില്‍ക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ്. ഇതിനായി അദ്ദേഹത്തിന്റെ ഫാന്റം അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് പദവിയില്‍ എത്തുന്നത് വരെ ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന വാഹനമാണിത്. എന്നാല്‍, നിലവില്‍ ഈ വാഹനം ട്രംപിന്റെ ഉടമസ്ഥതയിലല്ല.
2010-ലാണ് ഈ റോള്‍സ് റോയിസ് ഫാന്റം ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കുന്നത്. നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബര വാഹനം ഒടിയിട്ടുള്ളത്. 2010-ല്‍ റോള്‍സ് റോയിസ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില.
വാഹനം വാങ്ങുന്നയാള്‍ക്ക് ഒരു സമ്മാനവും ഈ വാഹനത്തില്‍ കരുതിയിട്ടുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക് എന്ന് ഏഴുതി ട്രംപ് ഒപ്പിട്ടിരിക്കുന്ന ഓട്ടോഗ്രാഫും യൂസേഴ്‌സ് മാനുവലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ റോള്‍സ് റോയിസിന്റെ അത്യാഡംബര ഫീച്ചറുകളും ട്രംപ് ഉപയോഗിച്ചിരുന്ന ഫാന്റത്തിനുള്ളില്‍ ഒരുങ്ങിയിട്ടുണ്ട്.
കരുത്തേറിയ 6.75 ലിറ്റര്‍ വി-12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഫാന്റത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 453 ബി.എച്ച്.പി.പവറും 720 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 240 കിലോമീറ്ററാണ്. മികച്ച സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്.
Content Highlights: Donald Trump's Rolls Royce Phantom For Sale
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..