ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ എത്തിച്ച് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയോട് കേന്ദ്ര സര്‍ക്കാര്‍. ഇതിന് പകരമായി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയുടെ പേരിലുള്ള അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശം ശ്രദ്ധേയമാണ്. 

നിങ്ങള്‍ ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്നാണ് ഞാന്‍ ടെസ്‌ലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ വാഹനം നിര്‍മിക്കുകയും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യാനുള്ള സാഹചര്യം ഒരുക്കും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ടെസ്‌ലയ്ക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിട്ടുള്ളത്. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വാഹനം എത്തിക്കുന്നതും നികുതി സംബന്ധമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ടെസ്‌ലയ്ക്ക് വേണ്ടി കമ്പനി മേധാവി ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടടത്. ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയില്‍ പ്രധാന വെല്ലുവിളി ഉയര്‍ന്ന തീരുവയാണ്. വാഹനം ഇറക്കുമതി ചെയ്യാന്‍ കമ്പനി സന്നദ്ധമാണ്. എന്നാല്‍, ലോകത്തിലെ മറ്റ് ഏത് രാജ്യത്തെക്കാളും ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയില്‍ ഈടാക്കുന്നതെന്നായിരുന്നു ഇലോണ്‍ മസ്‌കി ട്വിറ്റര്‍ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവയാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. എന്‍ജിന്‍ സൈസ്, വില, ഇന്‍ഷുറന്‍സ്, സി.ഐ.എഫ്. മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് 60 മുതല്‍ 100 ശതമാനം വരെ തീരുവ ഈടാക്കുന്നത്. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിനായാണ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.

40,000 ഡോളറിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 110 ശതമാനം വരെ ഇറക്കുമതി തീരുവ ഈടാക്കുന്നതിലുടെ ഇലക്ട്രിക് വാഹനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ഇലോണ്‍ മസ്‌ക് കേന്ദ്ര സര്‍ക്കാരിനെഴുതിയ കത്തില്‍ പറയുന്നത്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളോടുള്ള സമാനമായ സമീപനമാണ് ഇന്ത്യയുടെ സര്‍ക്കാരിന് ഇലക്ട്രിക് വാഹനങ്ങളോടും ഉള്ളതെന്നും, ഇത് ഇന്ത്യയുടെ കാവാവസ്ഥ ലക്ഷ്യങ്ങളെ സംരക്ഷിക്കില്ലെന്നും മസ്‌ക് കുറ്റപ്പെടുത്തിയിരുന്നു.

Source: Hindustan Times

Content Highlights: Don't sell China-made EVs in India, Nitin Gadkari To Tesla