കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ഉപയോഗിച്ച വാഹനങ്ങള്‍ക്ക് വിപണയില്‍ ആവശ്യക്കാര്‍ ഏറുന്നു. കോവിഡ് ഭീഷണിനിലനില്‍ക്കെ പൊതുഗതാഗതത്തോടുള്ള വിമുഖത കാരണമാണ് ഈ മാറ്റം. പഴയ വാഹനങ്ങള്‍ അന്വേഷിച്ച് ഒരു ദിവസം 20 ഫോണ്‍വിളികള്‍വരെ വരാറുണ്ടെന്ന് നഗരത്തിലെ യൂസ്ഡ് വെഹിക്കിള്‍ ഷോപ്പുടമകള്‍ പറയുന്നു. ഈ ആഴ്ചയോടെ സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ പൂര്‍വസ്ഥിതിയിലായതോടെ പലര്‍ക്കും സ്വന്തംവാഹനം അനിവാര്യമായി.

വേണം ഇരുചക്രവാഹനങ്ങള്‍

കോവിഡും ലോക്ഡൗണുമെല്ലാം ഏറ്റവുംബാധിച്ചത് സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെയാണ്. 20,000 രൂപ വരെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കാണ് ആളുകള്‍ ഏറെയെത്തുന്നതെന്ന് ഡീലേഴ്‌സ് പറയുന്നു. നേരിയ കേടുപാടുകളുള്ള വാഹനങ്ങള്‍പോലും വാങ്ങാന്‍ ആളുകള്‍ തയ്യാറാണ്. നേരത്തേയുള്ളതിന്റെ ഇരട്ടിക്കച്ചവടമാണ് ഇപ്പോഴുള്ളത്. ഷോറൂമിലുണ്ടായിരുന്ന വാഹനങ്ങളേറെയും വിറ്റുപോയി.

അതേസമയം, ഉപയോഗിച്ച ഇരുചക്രവാഹനങ്ങള്‍ക്ക് വലിയ വിലയാണ് ഈടാക്കുന്നതെന്ന ആരോപണവുമുണ്ട്. വിപണിയില്‍ നേരത്തേ ലഭ്യമായിരുന്നത്രപോലും വാഹനങ്ങളില്ലാത്തതിനാലാണ് വിലകൂടാന്‍ കാരണമെന്ന് ഡീലേഴ്‌സ് പറയുന്നു.

രണ്ടുലക്ഷത്തിനുള്ളിലൊതുങ്ങുന്ന സെക്കന്‍ഡ്ഹാന്‍ഡ് കാറുകളോടാണ് ഇടത്തരം കുടുംബങ്ങള്‍ക്ക് പ്രിയം. കോവിഡിന് പുറമേ മഴയും ഇതിനൊരു കാരണമാണെന്നും കൊണ്ടോട്ടിയിലെ സെക്കന്‍ഡ്ഹാന്‍ഡ് വെഹിക്കിള്‍ ഡീലര്‍ ഷാനു പറഞ്ഞു. ''സാധാരണ ഒരു മാസം 60 യൂഡ്‌സ് കാറുകള്‍ വരെയാണ് വില്‍പ്പന നടക്കാറുള്ളത്. എന്നാല്‍ ഈ മാസം 11-ാം തീയതി ആയപ്പോഴേക്കും 30 കാറുകള്‍ വില്‍പ്പന നടത്തി''- 'ട്രൂ വാല്യു യൂസ്ഡ് കാര്‍ ഡീലേഴ്‌സിലെ ജീവനക്കാര്‍ പറഞ്ഞു. നേരത്തേ ഒരുമാസത്തില്‍ 130 അന്വേഷണങ്ങള്‍ നടക്കുന്നിടത്ത് ഈമാസംമാത്രം 162 അന്വേഷണങ്ങളാണ് വന്നിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.

അന്വേഷണംധാരാളം

ഒരുദിവസം ചുരുങ്ങിയത് 10 പേരെങ്കിലും കാര്‍വില്‍പ്പനയെക്കുറിച്ച് അറിയാന്‍ വിളിക്കുന്നുണ്ട്. പുതിയ കാറുകളുടെ കച്ചവടം നടക്കുമ്പോള്‍ മാത്രമേ ഉപയോഗിച്ച കാറുകളുടെ വരവും വില്‍പ്പനയും ഏറൂ.

എം.ആര്‍. രഞ്ജിത് (മാനേജര്‍, ട്രൂ വാല്യൂ യൂസ്ഡ് കാര്‍ ഡീലേര്‍സ്)

വാഹനലഭ്യതകുറവ്

കോവിഡും ലോക്ക്ഡൗണുമായതോടെ ഉപയോഗിച്ച വാഹനങ്ങള്‍ക്കായി ഒരുപാട് പേര്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ വിപണയില്‍ ഉപയോഗിച്ച വാഹനങ്ങള്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്.

റഫീഖ് (സൂപ്പര്‍ ഓട്ടോ ലിങ്ക്‌സ്, ഉടമ)