ഴിഞ്ഞ ഏതാനും ആഴ്ചകളായി വിവാദങ്ങളുടെ നിഴലിലാണ് ടാറ്റയുടെ ജനപ്രിയ ഇലക്ട്രിക് എസ്.യു.വിയായ നെക്‌സോണ്‍. നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുള്ള റേഞ്ച് ലഭിക്കുന്നില്ലെന്ന ഉപയോക്താവിന്റെ പരാതിയെ തുടര്‍ന്നാണ് ഈ വാഹനം വിവാദത്തിലായത്. ഈ പരാതി പരിഹരിക്കുന്നത് വരെ ഡല്‍ഹി സര്‍ക്കാരിന്റെ സബ്‌സിഡി ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില്‍ നിന്ന് ടാറ്റ നെക്‌സോണിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. 

എന്നാല്‍, സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടിയായി നെക്‌സോണിനെ സബ്‌സിഡി പട്ടികയില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വാഹനത്തിന് ഉറപ്പ് നല്‍കിയിട്ടുള്ള റേഞ്ച് ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഈ പ്രശ്‌നം പരിശോധിക്കുമെന്നുമായിരുന്നു ടാറ്റയുടെ നിലപാട്.

ടാറ്റ നെക്‌സോണ്‍ ഇ.വിയെ സബ്‌സിഡി ലിസ്റ്റില്‍ നിന്ന് പുറത്താക്കിയ സര്‍ക്കാര്‍ നടപടി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിന് സമയം അനുവദിക്കുകയും ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ ഇലക്ട്രിക് നയം അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. ഈ പട്ടികയില്‍ നിന്നാണ് നെക്‌സോണിനെ മാറ്റി നിര്‍ത്തിയതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

312 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കിയ വാഹനത്തിന് 200 കിലോമീറ്റര്‍ പോലും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആദ്യമാണ് ഡല്‍ഹിയുടെ ഒരു ഉപയോക്താവ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ പരാതി നല്‍കിയത്. ഉപയോക്താവിന്റെ പരാതിയെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്സിന് ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ടാറ്റ മോട്ടോഴ്സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കമ്പനി പ്രതിനിധി നേരിട്ട് ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുമെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയച്ചത്. 312 കിലോമീറ്റര്‍ റേഞ്ച് ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ.) സര്‍ട്ടിഫൈ ചെയ്തിട്ടുള്ളതാണ്. വാഹനത്തിലെ എ.സിയുടെ ഉപയോഗം, ഡ്രൈവ് ചെയ്ന്ന രീതി, വാഹനത്തിന്റെ കണ്ടീഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ റേഞ്ചില്‍ മാറ്റം സംഭവിച്ചേക്കാമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

Content Highlights: Delhi High Court Issues Stay Order On De-listing Of The Tata Nexon EV