പുറത്തിറങ്ങിയ നാള്‍ മുതല്‍ എന്‍ട്രി ലെവല്‍ ചെറു കാറുകളില്‍ ഹ്യുണ്ടായി മോട്ടോര്‍സിന് മികച്ച അടിത്തറ പാകിയ മോഡലാണ് ഇയോണ്‍. എന്നാല്‍ ക്വിഡിന്റെ കടന്നുവരവോടെ കഴിഞ്ഞ വര്‍ഷം ആദ്യ രണ്ടു മാസങ്ങള്‍ക്ക് ശേഷം വില്‍പന ഗണ്യമായി കുറഞ്ഞു. നോട്ട് നിരോധനത്തിലിടിച്ച് ഡിസംബറില്‍ കമ്പനിയുടെ ആകെ വില്‍പ്പനയില്‍ നഷ്ടമുണ്ടായെങ്കിലും ഇയോണ്‍ മാത്രം കുതിച്ചുകയറി. 2015 ഡിസംബറിനെക്കാള്‍ 3 ശതമാനം അധിക വളര്‍ച്ചയോടെ 6790 ഇയോണ്‍ യൂണിറ്റ് വിറ്റഴിക്കാന്‍ ഹ്യുണ്ടായി മോട്ടോര്‍സിന് സാധിച്ചു.

2016 ഫെബ്രുവരിക്ക് ശേഷം വില്‍പ്പനയില്‍ ആദ്യ പത്തില്‍ ഇയോണ്‍ ഇടം പിടിക്കുന്നതും ഇതാദ്യമാണ്. പതിവുപോലെ വില്‍പനയില്‍ ആദ്യസ്ഥാനങ്ങള്‍ മാരുതി സുസുക്കി ഇത്തവണയും സ്വന്തം കൈകളില്‍ ഭദ്രമാക്കി. ആദ്യ പത്തില്‍ ആറും മാരുതി സുസുക്കി കാറുകളാണ്. 17,351 യൂണിറ്റ് വിറ്റഴിച്ച ആള്‍ട്ടോ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും നോട്ട് നിരോധനത്തില്‍ തട്ടി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിന്റെ തകര്‍ച്ച നേരിട്ടു. നാലാമനായ ഡിസയര്‍ 11 ശതമാനം അധിക വില്‍പനയോടെ 14,643 യൂണിറ്റ് വിറ്റഴിച്ച് രണ്ടാം റാങ്കിലെത്തി.

auto sales

സ്വിഫ്റ്റ്, വാഗണ്‍-ആര്‍ യാഥാക്രമം മൂന്നും നാലും സ്ഥാത്ത്. മാരുതിയുടെ ഒറ്റയാള്‍ കുതിപ്പിന് തടയിട്ട് ഹ്യുണ്ടായി ഗ്രാന്റ് i10 ആണ് അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2230 യൂണിറ്റ് കുറഞ്ഞെങ്കിലും മാരുതിയോട് ഒപ്പത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ ഗ്രാന്റ് i10-ന് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അതേ സ്ഥാനം ബലേനോ നിലനിര്‍ത്തിയപ്പോള്‍ വില്‍പന 28 ശതമാനം വര്‍ധിപ്പിച്ച് റെനോ ക്വിഡ് ഒരുസ്ഥാനം മെച്ചപ്പെടുത്തി ഏഴാമതായി. ഹ്യുണ്ടായി എലൈറ്റ് i20 എട്ടാമതും മാരുതി സെലെറിയോ ഒമ്പതാം സ്ഥാനത്തുമെത്തി.