നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സണ്‍ എതിരാളികളുമായി മത്സരം കടുപ്പിക്കാന്‍ മുഖം മിനുക്കിയ പുതിയ റെഡി-ഗോ ഓട്ടോമാറ്റിക്ക് വേരിയന്റുകള്‍ക്കൊപ്പം വണ്‍ ലിറ്റര്‍ എഞ്ചിനില്‍ ഉടന്‍ പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ ജൂലൈ 19-ന് കരുത്ത് കൂടിയ എഞ്ചിനില്‍ റെഡി-ഗോ ഹാച്ച്ബാക്ക് വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മാരുതി ആള്‍ട്ടോ, റെനോ ക്വിഡ് എന്നീ ശക്തരായ എതിരാളികള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ അവതരിപ്പിച്ച റെഡി-ഗോയ്ക്ക് സാമാന്യം ഭേദപ്പെട്ട വില്‍പ്പന കൈവരിക്കാന്‍ സാധിച്ചിരുന്നു.
1000 സിസി എഞ്ചിനില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുക്കി ആള്‍ട്ടോ K10, റെനോ ക്വിഡ് വണ്‍ ലിറ്റര്‍ എന്നീ മോഡലുകള്‍ക്ക് മികച്ച വെല്ലുവിളി ഉയര്‍ത്താവുന്ന തരത്തിലാകും വണ്‍ ലിറ്റര്‍ റെഡി-ഗോ പുറത്തിറങ്ങുക. റെനോ-നിസാന്‍ CMF മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ഹാച്ച്ബാക്കിന്റെ നിര്‍മാണം. നിലവിലുള്ള 800 സിസി റെഡി-ഗോ നിരയില്‍ S വകഭേദത്തില്‍ മാത്രമാകും പുതിയ 1000 സിസി റെഡി-ഗോ ലഭ്യമാകുക. നിസാന്റെ ഫ്രഞ്ച് കസിനായ റെനോ ക്വിഡിന് കരുത്തേകുന്ന അതേ എഞ്ചിനിലാകും റെഡി-ഗോ പുറത്തിറങ്ങുക.
1000 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാകും ട്രാന്‍സ്മിഷന്‍. ഇതിനൊപ്പം ക്വിഡിന് സമാനമായി റെഡി-ഗോയുടെ AMT പതിപ്പും ഡാറ്റ്‌സണ്‍ അവതരിപ്പിക്കും. പുതിയ പതിപ്പില്‍ മെക്കാനിക്കല്‍ ഫീച്ചേര്‍സില്‍ മാത്രമാണ് മാറ്റമുണ്ടാകുക. രൂപഘടന 800 സിസി റെഡി-ഗോയ്ക്ക് സമാനമാണ്. ഏകദേശം 3.50 ലക്ഷം രൂപയാകും വാഹനത്തിന്റെ പ്രാരംഭ വില. ഓട്ടോമാറ്റിക് പതിപ്പിന്റെ വില നാല് ലക്ഷത്തിനടുത്തെത്താം. നിലവില്‍ 799 സിസി ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 53.2 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.