ടിബറ്റന്‍ ആത്മീയ ആചാര്യനായിരുന്ന 14-ാം ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്കെത്തുന്നു. 1966 മുതല്‍ 1976 വരെയുള്ള കാലഘട്ടത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎ എന്ന വാഹനമാണ് ലേലത്തിന് എത്തുന്നത്.
ടിബറ്റിനെ ചൈന ആക്രമിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയിലെ ധര്‍മ്മശാലയിലേക്ക് പാലായനം ചെയ്തിരുന്നു. ഈ കാലഘട്ടില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നാണ് സൂചനകള്‍. ഒരിക്കല്‍ പോലും ഈ വാഹനം അദ്ദേഹം ഓടിച്ചിട്ടില്ലെങ്കിലും യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ ആയിരുന്നു.
ഹിമാലയന്‍ മലനിരകള്‍ അനായാസം കീഴടക്കിയിട്ടുള്ള ഈ വാഹനം ഇന്ത്യയിലെ നിരത്തുകളില്‍ മാത്രമല്ല, അതിര്‍ത്തി രാജ്യമായ നേപ്പാളിലേക്കുള്ള ദലൈ ലാമയുടെ യാത്രകളും ഈ ലാന്‍ഡ് റോവര്‍ കരുത്തനൊപ്പമായിരുന്നു.

1966-ല്‍ ബ്രിട്ടണിലെ ലാന്‍ഡ് റോവര്‍ പ്ലാന്റിലെത്തിയാണ് ദലൈ ലാമ ഈ വാഹനം സ്വന്തമാക്കിയത്. അതിനുശേഷമുള്ള 10 വര്‍ഷം അദ്ദേഹം ഈ വാഹനം ഉപയോഗിച്ചിരുന്നെങ്കിലും 1976-ന് ശേഷം ഈ വാഹനത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
പിന്നീട് 2005-ല്‍ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ അറ്റക്കുറ്റപണിക്കെത്തിയപ്പോഴാണ് ഈ വാഹനം വീണ്ടും ജനശ്രദ്ധ നേടുന്നത്. അപ്പോഴേക്കും ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയെന്നാണ് അപ്പോള്‍ മീറ്ററില്‍ രേഖപ്പെടുത്തിയിരുന്നത്.
അപ്പോഴും പ്രായം തളര്‍ത്തിയിട്ടില്ലാത്ത ഷാസിയായിരുന്നു ഈ വാഹനത്തിന്റെ ഹൈലൈറ്റ്. വാഹനം മോടിപിടിപ്പിക്കനുള്ള പ്രവൃത്തികള്‍ ഒഴിവാക്കിയാല്‍ എന്‍ജിനും എക്സ്റ്റീരിയറും ഇന്റീരിയറും പഴയതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഒരുവര്‍ഷമെടുത്താണ് ഈ വാഹനത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്.

ലോകത്തില്‍ തന്നെ വിന്റേജ് കാറുകളുടെ ഗണത്തിലാണ് ഇന്ന് ലാന്‍ഡ് റോവര്‍ സീരീസ് ഐഐഎയുടെ സ്ഥാനം. 2.25 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ ആയിരുന്നതിനാല്‍ ഏത് മലനിരകളും അനായാസം കീഴടക്കാനും ഈ വാഹനത്തിനായിരുന്നു.
ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിനായുള്ള ലേലം നടക്കുന്നതെന്നാണ് വിവരം. ഏകദേശം 70 ലക്ഷം രൂപ മുതല്‍ 1.2 കോടി രൂപ വരെയാണ് ഈ വാഹനത്തിന് വില പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Tibetan Spiritual Leader Dalai Lama's Car Ready For Auction. Expected Price Between 70 Lakhs to 1.2 Crore. Dalai Lama Used This Land Rover Series IIA Model In 1966 to 1976 In Dharamshala.
Source: CarToq