ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി കൊറോണ ബാധിതര്‍ക്കായി വെന്റിലേറ്ററുകള്‍ നിര്‍മിക്കും. വരുന്ന ഒരു മാസത്തിനുള്ളില്‍ 10,000 വെന്റിലേറ്ററുകള്‍ ആരോഗ്യവകുപ്പിന് കൈമാറാനാണ് മാരുതിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ മാരുതിയോട് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയത്.
വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്ന അഗ്‌വാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചായിരിക്കും മാരുതി വെന്റിലേറ്ററുകള്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അഗ്‌വ നിര്‍വഹിക്കും. വെന്റിലേറ്റര്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ മാരുതിയും നല്‍കുമെന്നാണ് വിവരം.
വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ മാരുതി സൗജന്യമായാണ് അഗ്‌വയ്ക്ക് നല്‍കുന്നത്. ഇതിനുപുറമെ, കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതയും മാരുതി തേടുന്നുണ്ട്. മാരുതിയുടെ സഹോദര സ്ഥാപനമായ കൃഷ്ണ മാരുതി കേന്ദ്ര സര്‍ക്കാരിനും ഹരിയാനയ്ക്കുമായി മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാരുതിയോട് ഇക്കാര്യം അവശ്യപ്പെട്ടത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സാങ്കേതികവിദ്യ പഠിക്കുന്നതിനും മറ്റുമായി മാരുതി രണ്ട് ദിവസത്തെ സമയം ചോദിച്ചിരുന്നു. അതിനുശേഷമാണ് അഗ്‌വയുമായി സഹകരിച്ച് വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ഒരുക്കമാണെന്ന് മാരിതി അറിയിച്ചിരിക്കുന്നത്.
Content Highlights: Covid19; Maruti Suzuki Produce 10,000 Ventilator In One Month