-
കൊറോണ വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് ഏറ്റവുമധികം പിന്തുണയും സഹായങ്ങളും നല്‍കുന്ന വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. വെന്റിലേറ്റര്‍, ഫെയ്‌സ്ഷീല്‍ഡ് എന്നിവയുടെ നിര്‍മാണത്തിനൊടുവില്‍ മഹീന്ദ്ര ഫെയ്‌സ്മാസ്‌ക് നിര്‍മാണത്തിലേക്ക് കടക്കുകയാണ്. പ്രതിദിനം 10,000 മാസ്‌കുകള്‍ നിര്‍മിക്കാനാണ് മഹീന്ദ്രയുടെ നീക്കം.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍ക്കെങ്കിലും മാസ്‌കും മറ്റും നിര്‍മിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനുള്ള സഹായം നല്‍കാന്‍ കമ്പനി ഒരുക്കമാണെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ത്രീ പ്ലേ മാസ്‌ക് നിര്‍മിക്കാന്‍ സന്നദ്ധത അറിയിക്കുകയും മഹീന്ദ്രയുടെ കാണ്ടിവാലി പ്ലാന്റില്‍ അതിനുള്ള സംവിധാനം ഒരുക്കുകയുമായിരുന്നു.
മഹീന്ദ്ര മാനേജിങ്ങ് ഡയറക്ടര്‍ പവര്‍ ഗോയെങ്കയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. മഹീന്ദ്രയുടെ നേതൃത്വത്തില്‍ ത്രീ പ്ലേ മാസ്‌കിന്റെ നിര്‍മാണ് വെള്ളിയാഴ്ച ആരംഭിക്കും. ഏതാനും ദിവസങ്ങള്‍ക്കകം ഒരു ദിവസം 10,000 മാസ്‌ക് എന്ന നിലയില്‍ ഉത്പാദനം ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മാസ്‌ക് നിര്‍മാണത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ മാസ്‌ക് നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ മഹീന്ദ്രയുടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മാസ്‌ക് നിര്‍മാണത്തിനായി മഹീന്ദ്ര ജീവനക്കാരുടെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആനന്ദ് മഹീന്ദ്രയോട് സഹായമഭ്യര്‍ഥിച്ച് എട്ട് ദിവസത്തിനുള്ളില്‍ മാസ്‌ക് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നും സ്റ്റാര്‍ട്ട് അപ്പ് മേധാവിയായ സുഹാനി മോഹന്‍ ട്വീറ്റ് ചെയ്തു.
Content Highlights: Covid-19; Mahindra Is Making Face Mask For Health workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..