കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം അനുവദിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര. ജൂലൈ 31 വരെയാണ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനും വാറണ്ടിക്കും സമയം അനുവദിച്ചിരിക്കുന്നത്. 

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാളയളവില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെടുകയോ വാറണ്ടി അവസാനിക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂലൈ 31 വരെ ഇതിന് സമയം നീട്ടി നല്‍കിയിട്ടുണ്ടെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. മഹീന്ദ്ര വിപണിയില്‍ എത്തിച്ചിട്ടുള്ള എല്ലാ വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മറികടക്കുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിലും മറ്റ് നിയന്ത്രണങ്ങളിലും ഉപയോക്താക്കള്‍ക്ക് വാഹനത്തിന്റെ സര്‍വീസും മറ്റും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്താണ് സര്‍വീസിനും വാറണ്ടിക്കും കൂടുതല്‍ സമയം നല്‍കുന്നതെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു.

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും മഹീന്ദ്രയുടെ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഒരുക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഇതിനായി മഹീന്ദ്രയുടെ ഡിജിറ്റല്‍ സേവനം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും മഹീന്ദ്രയുടെ സര്‍വീസ് വിഭാഗം മേധാവി അറിയിച്ചു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം അനുവദിച്ചിട്ടുണ്ട്. 

കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിനായി നിരവധി പദ്ധതികളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി മഹീന്ദ്രയുടെ ഓക്‌സിജന്‍ ഓണ്‍ വീല്‍സ് സേവനം, കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ള ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ ഇവയില്‍ ചിലതാണ്. കോവിഡിന്റെ ആദ്യ ഘട്ടത്തിലും മാതൃകാപരമായ സേവനങ്ങളാണ് മഹീന്ദ്ര രാജ്യത്ത് കാഴ്ച്ചവെച്ചത്. 

Content Highlights: Covid Second Wave; Mahindra Extended Service And Warranty For All Models