കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി. ഇതിനായി 50 ലക്ഷം സര്‍ജിക്കന്‍ മാസ്‌കുകളും ഒരു ലക്ഷം എന്‍95 മാസ്‌കുകളും, 50,000 ഗൗണുകളും ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കോവിഡ് മഹാമാരി രാജ്യത്തിന്റെ ആരോഗ്യ മേഖലയിലുണ്ടാക്കിയ ആഘാതം കണക്കിലെടുത്താണ് ഈ നീക്കം.

രോഗ വ്യാപനം പ്രതിരോധിക്കുന്നതിനുള്ള സാമഗ്രികള്‍ക്ക് പുറമെ, ഇന്ത്യക്കും ബ്രസീലിനുമായി രണ്ട് ലക്ഷം ഡോളറിന്റെ ധനസഹായവും ഫോര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായി ഈ പണം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്നായിരിക്കും സഹായമെത്തുക.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഭക്ഷണവും ക്ലീനിങ്ങ് ഉപകരണങ്ങളും നല്‍കുന്നതിനായാണ് ഈ ഫണ്ട് ലഭ്യമാക്കുന്നതെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഈ പണം തുല്യമായി വീതിച്ച് നല്‍കുമെന്നും ഫോര്‍ഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം മേധാവികള്‍ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം ലോക്ക്ഡൗണിലേക്ക് പോകുകയാണെങ്കില്‍ വാഹന നിര്‍മാണ ശാലകള്‍ വീണ്ടും അടച്ചിടേണ്ടി വരുമെന്നാണ് സൂചനകള്‍. അതേസമയം, രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വാഹന പ്ലാന്റുകളില്‍ താത്കാലികമായി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചും അധികാരികള്‍ വിലയിരുത്തുന്നുണ്ട്.

2020-ലെ കോവിഡ് വ്യാപന സമയത്തും രാജ്യത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ വാഹന നിര്‍മാതാക്കളിലൊന്നാണ് ഫോര്‍ഡ്. ഇതിന്റെ ഭാഗമായി ഫോര്‍ഡിന്റെ പ്ലാന്റില്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ക്കായുള്ള ഫേസ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ് എന്നിവ ഫോര്‍ഡ് ഇന്ത്യയുടെ പ്ലാന്റില്‍ നിര്‍മിച്ചിരുന്നു. മറ്റ് വാഹന നിര്‍മാതാക്കളും ഇത്തരം സേവനങ്ങള്‍ ഒരുക്കിയിരുന്നു.

Content Highlights: Covid Second Wave; Ford Motors Donates Essential Equipment For Health Workers