കോവിഡ്19 നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്ന് കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇ.വൈ.).

സ്പര്‍ശനരഹിതമായി വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താത്പര്യം വര്‍ധിക്കും. വൈറസ് ഭീതിയും വൃത്തിക്കുറവും ആളുകളെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും അതുവഴി വില്പന വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്ത് ആളുകള്‍ വാഹനം വാങ്ങുന്നതിനു മുമ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത് ഓണ്‍ലൈന്‍ വഴിയാണെങ്കിലും കാറുകളുടെ ഓണ്‍ലൈന്‍ വില്പന കുറവാണ്. പരിമിതമായ അറിവും സൗകര്യക്കുറവുമാണ് ആളുകളെ ഓണ്‍ലൈന്‍ വാങ്ങലില്‍നിന്ന് അകറ്റുന്നത്.

ഉപഭോക്താക്കള്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞാലും ഡീലര്‍മാരുടെ പ്രാധാന്യം കുറയില്ല. ടെസ്റ്റ് ഡ്രൈവ് അടക്കം പല കാര്യങ്ങള്‍ക്കും ഡീലര്‍മാരെ ആശ്രയിക്കേണ്ടതായി വരും.

ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിട്ടതോടെ ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ, മെഴ്‌സിഡസ്, ഫിയറ്റ്-ക്രൈസ്ലര്‍ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരുന്നു.

Content Highlights: Covid-19; Vehicle Manufactures Turn Into Online Sales Platforms, Corona Virus