ന്ത്യയുടെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ എംജി മോട്ടോഴ്‌സും. ഇതിനായി രോഗികള്‍ക്കായുള്ള വെന്റിലേറ്റര്‍ നിര്‍മിക്കാനാണ് എംജി മോട്ടോഴ്‌സ് ഒരുങ്ങുന്നത്. മെഡിക്കല്‍ ഉപകരണ നിര്‍മാണത്തുള്ള ജിഇ ഉള്‍പ്പെടെ മൂന്ന് കമ്പനികളുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായി എംജി മോട്ടോഴ്‌സ് അറിയിച്ചു. 

ചിലവ് കുറഞ്ഞ രീതിയില്‍ വെന്റിലേറ്റര്‍ നിര്‍മിക്കാനുള്ള ശ്രമമാണ് എംജി മോട്ടോഴ്‌സ് നടത്തുന്നത്. ഇതിനായുള്ള പരീക്ഷണങ്ങള്‍ എംജിയുടെ ഹലോല്‍ പ്ലാന്റില്‍ നടത്തിവരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ വെന്റിലേറ്ററിന്റെ മാതൃക പൂര്‍ത്തിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുശേഷം വെന്റിലേറ്റര്‍ നിര്‍മിക്കുന്നതിനാണ് മെഡിക്കല്‍ കമ്പനിയുടെ സഹായം തേടുന്നത്. 

മെഡിക്കല്‍ കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മാണത്തിന് സഹകരിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ മാതൃക ഡിസൈനിന് അംഗീകാരം ലഭിച്ചാലുടന്‍ എംജിയുടെ ഹാലോല്‍ പ്ലാന്റില്‍  നിര്‍മാണം ആരംഭിക്കാന്‍ കഴിയും. ഇതിനുള്ള മറ്റ് സംവിധാനങ്ങള്‍ എല്ലാം പ്ലാന്റില്‍ ഒരുക്കിയിട്ടുണ്ടെന്നും എംജി മോട്ടോഴിസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ 10 ദിവസമായി എംജിയുടെ എന്‍ജിനിയര്‍മാര്‍ വെന്റിലേറ്റര്‍ മാതൃക തയാറാക്കുന്ന ജോലിയിലാണ്. ഇതിന്റെ ഡ്രോയിങ്ങ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇതിനുപുറമെ, ചിലവ് കുറഞ്ഞ വെന്റിലേറ്റര്‍ ഡീസൈന്‍ ഒരുക്കുന്ന യുവാക്കള്‍ക്ക് 10 ലക്ഷം രൂപയുടെ സമ്മാനവും എംജി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എംജി മോട്ടോഴ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ രാജീവ് ചബ്ബ അറിയിച്ചു.

Content Highlights: Covid-19; MG Motors Planning To Develop Ventilators