കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായ പോരാട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയിലെ വാഹനനിര്‍മാതാക്കളുടെ പങ്ക് വളരെ വലുതാണ്. വെന്റിലേറ്റര്‍ നിര്‍മാണം, മാസ്‌ക് നിര്‍മാണം, ഭക്ഷണ വിതരണം, സാനിറ്റൈസേഷന്‍, ധനസഹായം തുടങ്ങി എല്ലാ രീതിയിലും ഇന്ത്യയിലെ വാഹനമേഖല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുണ്ട്.

ഇവരില്‍ തന്നെ പല മേഖലകളിലായി സഹായം ഉറപ്പാക്കുന്ന കമ്പനിയാണ് എംജി മോട്ടോഴ്‌സ്. കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിക്കുന്ന പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി 100 ഹെക്ടര്‍ വിട്ടുനല്‍കിയതിന് പിന്നാലെ എംജിയുടെ ഹെക്ടര്‍ എസ്‌യുവി ആംബലുന്‍സായി മാറുകയാണ്. ഗുജറാത്തിലെ വഡോദരയിലേക്കാണ് ഹെക്ടര്‍ ആംബുലന്‍സ് ഒരുങ്ങുന്നത്. 

രോഗികളുമായി സര്‍വീസ് നടത്താന്‍ ഹെക്ടര്‍ എസ്‌യുവി ആംബുലന്‍സ് ആക്കി മാറ്റുന്നതിനായി അഹമ്മദാബാദിലെ നാഥ്‌രാജ് മോട്ടോര്‍ ബോഡി ബില്‍ഡേഴ്‌സുമായി എംജി മോട്ടോഴ്‌സ് ധാരണയിലെത്തി. എംജിയുടെ എന്‍ജിനിയറിങ്ങ് ടീമും ബോഡി ബില്‍ഡേഴ്‌സും ചേര്‍ന്ന് 10 ദിവസത്തിനുള്ളില്‍ ഹെക്ടര്‍ എസ്‌യുവികള്‍ ആംബുലന്‍സ് രൂപത്തിലേക്ക് മാറ്റുമെന്നാണ് സൂചന. 

സിലണ്ടര്‍ ഉള്‍പ്പെടെയുള്ള ഒക്‌സിജന്‍ സംവിധാനം, വിദേശത്ത് നിന്നെത്തിയ ഓട്ടോ ലോഡിങ്ങ് സ്‌ട്രെച്ചര്‍, ഫയര്‍ എസ്റ്റിഗ്യൂഷര്‍, ലൈഫ് സേവിങ്ങ് മെഡിക്കല്‍ ഉപകരണങ്ങള്‍, ഇന്‍വേര്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങളാണ് എംജി ഹെക്ടര്‍ ആംബുലന്‍സില്‍ ഒരുങ്ങുന്നത്. എത്ര വാഹനങ്ങള്‍ ആംബുലന്‍സ് ആകുന്നുണ്ടെന്ന കാര്യത്തില്‍ വ്യക്തയില്ല.

കോവിഡ് പ്രതിരോധത്തിനായി മുന്‍നിരയിലുള്ള വാഹനനിര്‍മാതാക്കളാണ് എംജി മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി വെന്റിലേറ്റര്‍ നിര്‍മിക്കുന്നതിനായി മാക്‌സ് വെന്റിലേറ്റര്‍ എന്ന കമ്പനിയുമായി കഴിഞ്ഞ ദിവസം സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. കൊറോണ വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ആരോഗ്യ മേഖല കാര്യക്ഷമമാക്കുന്നതിനായി രണ്ടുകോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Content Highlights: Covid-19;  MG Hector Has Been Modified To A Modern Ambulance