ന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടവുമായി ആദ്യം രംഗത്തെത്തിയത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയായിരുന്നു. വാഹന നിര്‍മാണം നിര്‍ത്തിയതിനാല്‍ മഹീന്ദ്രയുടെ പ്ലാന്റുകളില്‍ വെന്റിലേറ്റര്‍ നിര്‍മിക്കാമെന്നും മഹീന്ദ്ര ഗ്രൂപ്പ് ഹോളിഡെയ്‌സിന്റെ റിസോര്‍ട്ടുകള്‍ ആരോഗ്യ കേന്ദ്രങ്ങളാക്കാമെന്നുമായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അറിയിച്ചത്. 

അദ്ദേഹത്തിന്റെ പ്രഖ്യാപനം പുറത്തുവന്ന് 48 മണിക്കൂറിനുള്ളില്‍ വെന്റിലേറ്ററിന്റെ മാതൃകയുമായി മഹീന്ദ്രയിലെ ജീവനക്കാര്‍ എത്തി. ഈ വെന്റിലേറ്റര്‍ വിദഗ്ധ പരിശോധനയ്ക്കായി നല്‍കുമെന്നും മൂന്ന് ദിവസത്തിനുള്ളില്‍ യാഥാര്‍ഥ വെന്റിലേറ്റര്‍ ഒരുങ്ങുമെന്നും മഹീന്ദ്ര അറിയിച്ചിരുന്നു. ഒടുവില്‍ മഹീന്ദ്രയുടെ വെന്റിലേറ്റര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് എംഡി പവന്‍ ഗൊയങ്കെ ഇന്നലെ ട്വിറ്ററില്‍ കുറിച്ചു. 

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച ശ്വാസനസഹായ യന്ത്രം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. ഇത് ആശുപത്രികള്‍ക്ക് കൈമാറിയില്ല, കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. ഈ ഉപകരണത്തിന് എന്ത് പേര് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരത്തിന് കാത്തിരിക്കുന്നു. ഈ കുറിപ്പിനൊപ്പം രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഗൊയാങ്കെ ട്വിറ്ററില്‍ പങ്കുവെച്ചു.

വെന്റിലേറ്ററിന്റെ നിര്‍മാണത്തിനായി മഹീന്ദ്രയുടെ എന്‍ജിനീയറിങ് വിഭാഗം പ്രവര്‍ത്തിച്ചുവരുന്നതായി ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ ഡിസൈനിലുള്ള വെന്റിലേറ്ററിന് 7,500 രൂപയായിരിക്കും വില വരികയെന്ന് ആനന്ദ് മഹീന്ദ്ര പിന്നീട് ട്വീറ്റ് ചെയ്തു. നിലവില്‍ വലിയ സവിശേഷതകളോടുകൂടിയ വെന്റിലേറ്ററുകള്‍ക്ക് വിപണിയില്‍ അഞ്ചു മുതല്‍ പത്തുലക്ഷം രൂപ വരെയാണ് വില.

Content Highlights: Covid-19; Mahindra Starts Trial Test For Their Ventilator