കൊറോണ വൈറസ് ബാധക്കെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര നല്‍കുന്നത്. വെന്റിലേറ്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം നാളെ മുതല്‍ മഹീന്ദ്രയുടെ കാണ്ടിവാലി പ്ലാന്റില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ്ഷീല്‍ഡുകളുടെയും നിര്‍മാണം ആരംഭിക്കും. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പവന്‍ ഗോയെങ്കയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. മഹീന്ദ്രയുടെ പാര്‍ട്ണര്‍ കൂടിയായ ഫോര്‍ഡാണ് ഫെയ്‌സ് ഷീല്‍ഡിന്റെ മാതൃക മഹീന്ദ്രയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതേ ഡിസൈനിലുള്ള 500 ഫെയ്‌സ് ഷീല്‍ഡുകള്‍ നാളെ നിര്‍മിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഷീല്‍ഡുകള്‍ ഒരുങ്ങുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മഹീന്ദ്ര നടത്തുന്നത്. ഇതില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണ വെന്റിലേറ്ററുകള്‍ക്ക് 5-10 ലക്ഷം രൂപ വില വരുമ്പോള്‍ 7500 രൂപ ചിലവിലാണ് മഹീന്ദ്രയുടെ വെന്റിലേറ്റര്‍ നിര്‍മാണം.

48 മണിക്കൂറിനുള്ളില്‍ വികസിപ്പിച്ചെടുത്ത വെന്റിലേറ്ററിന്റെ ആദ്യ മാതൃക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതുകൂടാതെ മൂന്ന് മാതൃകകള്‍ കൂടി മഹീന്ദ്ര വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് പരിശോധനകള്‍ക്കും മറ്റുമായി വിദഗ്ധ സംഘത്തിന് കൈമാറുമെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അറിയിച്ചിരുന്നു.

Content Highlights: Covid-19; Mahindra Making Face Shield For Health Workers