ന്ത്യന്‍ വാഹനവിപണിയിലെ പുത്തന്‍ സാന്നിധ്യമായ കിയ മോട്ടോഴ്‌സും രാജ്യത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ക്കുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കിയ മോട്ടോഴ്‌സ് രണ്ട് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയിലെ അനന്ത്പൂരിലാണ് കിയയുടെ നിര്‍മാണ പ്ലാന്റുള്ളത്.

ധനസഹായത്തിന് പുറമെ, സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു. ആരോഗ്യ രംഗത്തും, പൊതുജനങ്ങളെ സഹായിക്കാനും കിയ പ്രതിജ്ഞാബദ്ധമാണെന്നും ഇതുനുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ മേധാവി ഉറപ്പുനല്‍കി. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കിയ ഉപയോക്താക്കള്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കും. ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടിയും സൗജന്യ സര്‍വീസും അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് പുതുക്കുവാനും സര്‍വീസ് പൂര്‍ത്തിയാക്കുവാനും ജൂലായ് മാസം വരെ അവസരമൊരുക്കുമെന്നും കിയ മോട്ടോഴ്‌സ് അറിയിച്ചു.

കിയയ്ക്ക് പുറമെ, ഇന്ത്യയിലെ മറ്റെല്ലാ വാഹന നിര്‍മാതാക്കളും സഹായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഹീന്ദ്ര, മാരുതി, എംജി മോട്ടോഴ്‌സ് എന്നിവ വെന്റിലേറ്റര്‍ നിര്‍മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹ്യുണ്ടായി പരിശോധന കിറ്റുകളും സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ മാസ്‌ക് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുകയാണെന്നും കമ്പനികള്‍ അറിയിച്ചിരുന്നു.

Content Highlights: Covid-19; Kia Motors Announce Two Crore Rupees