രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന് ധനസഹായം ഒരുക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി അഞ്ച് കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

ധനസഹായത്തിന് പുറമെ, അഞ്ച് കോടി രൂപ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങളും സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി നല്‍കിയിട്ടുണ്ട്. ഹൈ ഫ്‌ളോ നാസല്‍ ഓക്‌സിജന്‍ മെഷിനുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ തുടങ്ങിയവയാണ് ഹ്യുണ്ടായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി നല്‍കിയത്. സഹായധനമായി അഞ്ച് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. 

സംസ്ഥാനം നേരിട്ടിട്ടുള്ള എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഹ്യുണ്ടായി മോട്ടോഴ്‌സ് തമിഴ്‌നാട് സര്‍ക്കിരിന് ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്കും ഹ്യുണ്ടായിയുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍-സി.ഇ.ഒ. എസ്.എസ്. കിം ഉറപ്പുനല്‍കി. 

സംസ്ഥാനത്തോടും ജനങ്ങളോടുമുള്ള ഹ്യുണ്ടായിയുടെ പ്രതിബന്ധതയുടെ ഭാഗമായാണ് കോവിഡ് അതിജീവനത്തിനുള്ള ധനസഹായവും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിരിക്കുന്നത്. സമൂഹത്തെ സഹായിക്കുകയെന്നതും ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്നതും ഹ്യുണ്ടായിയുടെ പൊതുനയമാണെന്നും കമ്പനി അറിയിച്ചു.

കോവിഡിന്റെ ആദ്യ വരവിലും തമിഴ്‌നാടിനും രാജ്യത്തിനും വലിയ പിന്തുണയാണ് ഹ്യുണ്ടായി ഒരുക്കിയിരുന്നത്. 2020-ലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരിന് ഹ്യുണ്ടായി 10 കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു. ഇതിനൊപ്പം ദക്ഷിണ കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ മെഡിക്കല്‍ സാമഗ്രികളും ഹ്യുണ്ടായി ഇന്ത്യയില്‍ എത്തിച്ചിരുന്നു.

Content Highlights: Covid-19; Hyundai India Donates Rupees 5 Crore To Tamilnadu Government