കൊറോണ മഹാമാരിയേയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് യാത്രാപ്രതിസന്ധി നേരിടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ടാക്‌സി സേവനമൊരുക്കാന്‍ ഫ്‌ലിറ്റ്‌ഗോ. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കള്‍ കേരളത്തിനകത്തും പുറത്തും സേവനം നൽകുമെന്നാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. 

കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 2000-ത്തോളം ടാക്‌സികളെ ഏകോപിപ്പിച്ചാണ് ഫ്‌ലിറ്റ്‌ഗോയുടെ പ്രവര്‍ത്തനം. www.flitgo.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് അവര്‍ക്ക് ഏറ്റവും സമീപത്തുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ നമ്പര്‍ ലഭ്യമാക്കും. തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഡ്രൈവറുമായി നേരിട്ട് സംസാരിച്ച് ട്രിപ്പ് ബുക്കുചെയ്യാം.

ഈ പ്രതിസന്ധിഘട്ടത്തില്‍ ഭീമമായ ചാര്‍ജ് ഈടാക്കി മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പല ജില്ലകളില്‍നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് ഈ സേവനം ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഇതിനോടകം ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞിരുന്ന ആളുകളെ തിരിച്ചെത്തിക്കാന്‍  ഫ്‌ലിറ്റ്‌ഗോയുടെ നേതൃത്വത്തില്‍ നൂറിലധികം വാഹനങ്ങള്‍ സര്‍വീസ് നടത്തിയെന്ന് കമ്പനി അറിയിച്ചു.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി പാസ് യാത്രക്കാര്‍ എടുക്കണമെന്ന് ഫ്‌ലിറ്റ്‌ഗോയുടെ നിബന്ധനയിലുണ്ട്. ഇതിനായി വാഹനത്തിന്റെ വിവരങ്ങളും മറ്റും മുന്‍കൂട്ടി ലഭ്യമാക്കുകയും ചെയ്യും. വാഹന ഉടമകളുമായി നേരിട്ട് ഇടപെടുന്നതിനാല്‍ തന്നെ കൃത്യമായി വാഹനനിരക്ക് ഉറപ്പിക്കാന്‍ സാധിക്കുമെന്നതും ഈ സേവനത്തിന്റെ ഗുണമാണ്.

നിലവിലെ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റും ടാക്‌സികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളിലെത്തുന്ന ആളുകള്‍ക്ക് യാത്രാപ്രതിസന്ധി ഉണ്ടാകാതിരിക്കാനും ഫ്‌ലിറ്റ്‌ഗോ പ്രതിജ്ഞബദ്ധമാണെന്ന് കമ്പനിയുടെ അമരക്കാരിലൊരാളായ ഷിജോ പറഞ്ഞു.

കൊച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്‌ഡെര്‍പ്രോ ടെക്‌നോളജീസാണ് ഫ്ളിറ്റ്ഗോയുടെ മാതൃസ്ഥാപനം. ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസാണ് ലക്ഷ്യമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വെബ്‌സൈറ്റ് മുഖേന സര്‍വീസ് ഒരുക്കുകയാണെന്നും വൈകാതെ തന്നെ ഫ്‌ലിറ്റ്‌ഗോ ആപ്ലിക്കേഷന്‍ ഒരുക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: Covid-19: Flitgo Starts New Online Taxi Service