രാനിരിക്കുന്ന ഉത്സവ സീസണ്‍ കളറാക്കാന്‍ ഇന്ത്യയിലേക്ക് വരാനിരുന്ന ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ സിട്രോണിന്റെ വരവ് വീണ്ടും നീണ്ടുപോകുകയാണ്. സെപ്റ്റംബറില്‍ ഇന്ത്യയിലെത്താനിരുന്ന സിട്രോൺ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വരവ് 2021-ലേക്ക് നീട്ടിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

വരവിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി ആദ്യ വാഹനവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിട്രോണിന്റെ സി5 എയര്‍ക്രോസ് എന്ന എസ്‌യുവിയാണ് ആദ്യം ഇന്ത്യയിലെത്തിക്കാനിരുന്നത്. ഈ വാഹനം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയടങ്ങിയതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

സിട്രോണ്‍ സി5ന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവ സി5 എയര്‍ക്രോസില്‍ നല്‍കുന്നുണ്ടെന്നാണ് സൂചന.

Content Highlights: Covid-19; Citroen C5 Aircross India Launch Pushed To 2021