കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് പിന്തുണയുമായി ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ലോക്ഡൗണ്‍ കാലയളവില്‍ വരുന്ന സര്‍വീസുകള്‍ക്ക് സമയം അനുവദിക്കുന്നതിനൊപ്പം വാറണ്ടിയും നീട്ടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുകയോ വാറണ്ടി അവസാനിക്കുകയോ ചെയ്ത വാഹനങ്ങള്‍ക്ക്‌ ജൂണ്‍ 30 വരെ സമയം നീട്ടി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് സര്‍വീസ് ചെയ്യാനുള്ള അവസരം ഒരുക്കുകയും വാറണ്ടി നീട്ടി എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നും ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നു. 

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണിലും മറ്റ് നിയന്ത്രണങ്ങളിലും ഉപയോക്താക്കള്‍ക്ക് ഷോറൂമില്‍ എത്തുന്നതിനും ജീവനക്കാര്‍ക്ക് ഉപയോക്താക്കളിലേക്ക് എത്താനും സാധിക്കുന്നില്ല. അതിനാല്‍ തന്നെ വാഹനത്തിന്റെ സര്‍വീസും വാറണ്ടിയിലുമുള്ള ഉപയോക്താക്കളുടെ ആശങ്ക ഒഴിവാക്കുന്നതിനാണ് ഈ നീക്കമെന്ന് ടാറ്റ അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളും ടാറ്റ മോട്ടോഴ്‌സ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടാറ്റയുടെ പൂനെയിലെ ഫാക്ടറിയിലെ ഉത്പാദനം കുറച്ചതായി നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ച് മാത്രമാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ടാറ്റ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് ടാറ്റ മോട്ടോഴ്‌സും ടാറ്റ ഗ്രൂപ്പും ഒരുക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനും ടാറ്റ മോട്ടോഴ്‌സ് 24 ക്രെയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിനൊപ്പം പല മേഖലകളിലും ടാറ്റ ഗ്രൂപ്പ് സഹായം ഉറപ്പാക്കുന്നുണ്ട്.

Content Highlights: Covi-19; Tata Motors Extended Service And Warranty For Passenger Vehicles