കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കുമെന്നതായിരുന്നു മഹീന്ദ്രയുടെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം. ഇത് പൂര്‍ത്തിയായിരിക്കുന്നു. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രം ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്‌സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 500 ഫെയ്‌സ്ഷീല്‍ഡുകളാണ് നിര്‍മിക്കുകയെന്നും പിന്നീട് എണ്ണം കൂട്ടുമെന്നുമാണ് കഴിഞ്ഞ ദിവസം മഹീന്ദ്ര അറിയിച്ചത്. തിങ്കളാഴ്ചയാണ് ജീവനക്കാര്‍ ഷീല്‍ഡ് നിര്‍മിച്ച് തുടങ്ങിയത്.

വളരെ സിംപിള്‍ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റില്‍ ഒരുങ്ങുന്നത്. ഇത് ആര്‍ക്കുവേണമെങ്കിലും നിര്‍മിക്കാന്‍ സാധിക്കും. ഇതിനുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മഹീന്ദ്രയുമായി ബന്ധപ്പെടാമെന്ന കുറപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

മഹീന്ദ്ര ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ പവന്‍ ഗോയെങ്ക ശനിയാഴ്ചയാണ് ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്ന കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. മഹീന്ദ്രയുടെ പാര്‍ട്ണര്‍ കൂടിയായ ഫോര്‍ഡാണ് ഫെയ്‌സ് ഷീല്‍ഡിന്റെ മാതൃക മഹീന്ദ്രയ്ക്ക് നല്‍കിയിരിക്കുന്നത്. ഇതേ ഡിസൈനിലുള്ള 500 ഫെയ്‌സ് ഷീല്‍ഡുകള്‍ ആദ്യം ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് മഹീന്ദ്ര നടത്തുന്നത്. ഇതില്‍ വെന്റിലേറ്ററുകളുടെ നിര്‍മാണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണ വെന്റിലേറ്ററുകള്‍ക്ക് 5-10 ലക്ഷം രൂപ വില വരുമ്പോള്‍ 7500 രൂപ ചിലവിലാണ് മഹീന്ദ്രയുടെ വെന്റിലേറ്റര്‍ നിര്‍മാണം.

Content Highlights: Corona Virus; Mahindra Starts To Make Face Shields For Health Workers