കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് ഫോര്‍ഡ് ഇന്ത്യയുടെ രണ്ട് പ്ലാന്റുകള്‍ താത്കാലികമായി അടച്ചിടുന്നു. ചെന്നൈയിലെയും ഗുജറാത്തിലെ സനദിലെയും പ്ലാന്റുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ഫോര്‍ഡ് ഇന്ത്യയുടെ ജീവനക്കാരുടെയും ഡീലര്‍മാരുടെയും ഉപയോക്താക്കളുടെയും വിതരണക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നത്. സമൂഹത്തില്‍ നാശം വിതയ്ക്കുന്ന വൈറസിന്റെ വ്യാപനം തടയുന്നതിനും ഫോര്‍ഡ് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ ഭാഗമായി രണ്ട് പ്ലാന്റുകളിലെയും പ്രവര്‍ത്തനം നിര്‍ത്തുന്നതായി ഫോര്‍ഡ് അറിയിച്ചു. 

അതേസമയം, ഓഫീസ് ജോലികള്‍ ചെയ്തിരുന്ന ആളുകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഫോര്‍ഡ് ഇന്ത്യ ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ ശാന്തമായ ശേഷം മാത്രമായിരിക്കും വാഹനത്തിന്റേത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂവെന്നും ഫോര്‍ഡിന്റെ അറിയിപ്പിലുണ്ട്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പുറമെ, സൗത്ത് ആഫ്രിക്ക, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലെയും വാഹനനിര്‍മാണ പ്ലാന്റുകള്‍ ഫോര്‍ഡ് താത്കാലികമായ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്താകമാനം ഈ സ്ഥിതി തുടരുകയാണെങ്കില്‍ മറ്റ് സ്ഥലങ്ങളിലും സമാനമായ നടപടി സ്വീകരിക്കുമെന്നും ഫോര്‍ഡ് സൂചന നല്‍കുന്നുണ്ട്.

Content Highlights: Corona Virus; Ford Shut Down Chennai And Sanand Plants