വാഹനത്തിന്റെ സൗജന്യ സര്‍വീസിനും വാറണ്ടിക്കും രണ്ടുമാസത്തെ സമയം നീട്ടിനല്‍കി ഫോര്‍ഡ് ഇന്ത്യ. കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ രാജ്യത്തുടനീളമുള്ള ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുന്നത് കണക്കിലെടുത്താണ് ഈ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ഫോര്‍ഡ് ഇന്ത്യ വക്താവ് അറിയിച്ചു. 

മാര്‍ച്ച് 15 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കുകയോ സര്‍വീസ് നഷ്ടമാകുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ വാറണ്ടി നീട്ടിനല്‍കാനും സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കാനുമാണ് ഫോര്‍ഡ് സൗകര്യമൊരുക്കുന്നത്. ഈ കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ ഇത് പുതുക്കാനും സാധിക്കും.

ഇതിനുപുറമെ, പുതിയ ഉപയോക്താക്കള്‍ക്കായി പ്രൈസ് പ്രൊട്ടക്ഷന്‍ സ്‌കീമും ഫോര്‍ഡ് ഒരുക്കുന്നുണ്ട്. ഏപ്രില്‍ 30-ന് മുമ്പ് വാഹനം ബുക്കുചെയ്യുന്നവര്‍ക്ക് ബുക്കിങ്ങ് സമയത്തെ വിലയില്‍ തന്നെ വാഹനം നല്‍കുന്നതാണ് പദ്ധതി. വാഹനം ഡെലിവറി എടുക്കുന്ന സമയത്ത് വില വര്‍ധനവുണ്ടായാലും അത് ഈ ഉപയോക്താക്കളെ ബാധിക്കില്ല.

ഡീലര്‍ഷിപ്പുകളും സര്‍വീസ് സ്റ്റേഷനുകളും അടച്ചിട്ടിരിക്കുകയാണെങ്കിലും ഫോര്‍ഡിന്റെ 24 മണിക്കൂര്‍ കസ്റ്റമര്‍ സര്‍വീസ് ലഭ്യമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, റോഡ്‌സൈഡ് അസിസ്റ്റന്‍സ് സൗകര്യവും ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ഫോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുവാനും നിര്‍ദേശങ്ങള്‍ക്കും ഫോര്‍ഡ് സോഷ്യല്‍ മീഡിയയും പ്രവര്‍ത്തനക്ഷമമായിരിക്കും.

Content Highlights: Corona Lock Down; Ford Extend Free Service and Warranty