ഹിന്ദുസ്ഥാൻ കോണ്ടസ | Photo: Social Media
ഇന്ത്യയില്‍ ഒരുകാലത്ത് ആഡംബരത്തിന്റെ പ്രതീകമായിരുന്ന കോണ്ടസ കാറുകള്‍ വീണ്ടുമെത്തുന്നു. സി.കെ. ബിര്‍ള ഗ്രൂപ്പിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലായിരുന്ന കോണ്ടസ ബ്രാന്‍ഡിനെ എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി എന്ന കമ്പനി സ്വന്തമാക്കിയതോടെയാണ് ഇത്. ഇടപാടിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എല്‍.എം.എല്‍. ഇലക്ട്രിക് എന്ന കമ്പനിയുടെ കീഴിലുള്ള സംരംഭമാണ് എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി.
വൈദ്യുത കാറായി കോണ്ടസയെ വീണ്ടും വിപണിയിലെത്തിക്കാനാണ് എസ്.ജി. ലക്ഷ്യമിടുന്നത്. അംബാസഡര്‍ കാറുകളുടെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്നിന്നുള്ള ആഡംബര കാറായിരുന്നു കോണ്ടസ. 1980-കളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബരത്തിന്റെ പ്രതീകമായിരുന്നു ഈ വാഹനം. മാരുതി സുസുകി, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളുടെ വരവോടെ, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് കാലിടറി.
2014-ഓടെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ബംഗാളിലെ നിര്‍മാണ പ്ലാന്റ് പൂട്ടുകയും ഉത്പാദനം നിര്‍ത്തുകയും ചെയ്തു. അംബാസഡര്‍ ബ്രാന്‍ഡിനെ 2017-ല്‍ ഫ്രഞ്ച് കമ്പനിയായ പി.എസ്.എ. ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. 80 കോടി രൂപയുടെ ഇടപാടായിരുന്നു ഈ വില്‍പ്പനയെന്നാണ് വിവരം. അതേസമയം, കോണ്ടസ എന്ന ബ്രാന്‍ഡ് എത്ര രൂപയ്ക്കാണ് എസ്.ജി. കോര്‍പ്പറേറ്റ് മൊബിലിറ്റി വാങ്ങിയിരിക്കുന്നതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.
1958 മുതല്‍ അംബാസിഡര്‍ കാറുകള്‍ നിരത്തുകളില്‍ എത്തിച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് പ്രീമിയം കാറിലേക്കുള്ള ചുവടുവയ്പ്പ് സമ്മാനിച്ച വാഹനമാണ് കോണ്ടസ. സ്കോട്ടിഷ് വാഹന നിര്‍മാതാക്കളായ വോക്സ്ഹെല്‍ നിര്‍മിച്ചിരുന്ന പ്രീമിയം വാഹനത്തിന്റെ നിര്‍മാണ അവകാശം സ്വന്തമാക്കിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോണ്ടസ എന്ന ഇന്ത്യയുടെ ആദ്യ പ്രീമിയം വാഹനത്തിന് ജന്മം നല്‍കിയത്. 1984-നാണ് കോണ്ടസ കാറുകള്‍ നിരത്തുകളില്‍ എത്തിതുടങ്ങിയത്.
1.5 ലിറ്റര്‍ എന്ജിന് ഹൃദയമാക്കിയാണ് ആദ്യ കോണ്ടസ കാര്‍ എത്തുന്നത്. ഇന്ത്യ കണ്ട ആദ്യ ലക്ഷ്വറി കാറിന്റെ പവര്‍ കേവലം 50 ബി.എച്ച്.പി, മാത്രമായിരുന്നു. നാല് സ്പീഡ് ഗിയര്‍ബോക്സ് ട്രാന്സ്മിഷന് ഒരുക്കിയിരുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററായിരുന്നു. ആദ്യത്തെ കൗതുകം മാറിയതോടെ വാഹനത്തിന്റെ കരുത്ത് ഒരു പോരായ്മയായി ഉന്നയിക്കപ്പെടുകയായിരുന്നു. ഇതോടെ വാഹനത്തില്‍ മാറ്റം വരുത്താന്‍ നിര്‍മാതാക്കളും നിര്‍ബന്ധിതരായി.
90-കളുടെ തുടക്കത്തില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസുവുമായി സഹകരിച്ച് 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ കോണ്ടസ ക്ലാസിക് എന്ന പേരില്‍ ഈ വാഹനം പുനര്‍ജനച്ചു. എന്ജിന് വളര്‍ന്നതിനൊപ്പം ഗിയര്‍ബോക്സും അഞ്ച് സ്പീഡിലേക്ക് ഉയരുകയായിരുന്നു. 2000-ത്തോടെ കോണ്ടസ ഡീസല്‍ എന്‍ജിനിലും നിരത്തുകളില്‍ എത്തിതുടങ്ങി. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരുന്നു കോണ്ടസയില്‍ നല്‍കിയത്. ഒടുവില്‍ 2002-ലാണ് കോണ്ടസ നിര്‍മാണം അവസാനിപ്പിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..