ഫെരാരി, പോര്‍ഷെ, മക്‌ലാരന്‍ തുടങ്ങിയ വാഹനങ്ങള്‍ സ്വന്തം നാട്ടിലെ നിരത്തുകളിലൂടെ പായുന്നതിന്റെ വീഡിയോ ഒരു മുഖ്യമന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെങ്കില്‍ ആ മുഖ്യമന്ത്രിയുടെ പേര് പെമ ഖണ്ഡു എന്നായിരിക്കണം. വാഹനങ്ങളുമായി അദ്ദേഹം നടത്തിയിട്ടുള്ള യാത്രകളും ഓഫ്‌റോഡ് ഡ്രൈവുകളും മുമ്പും സാമൂഹികമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍, ഈ സൂപ്പര്‍ കാറുകളുടെ വീഡിയോ പങ്കുവെച്ച് അദ്ദേഹം പറഞ്ഞത് സ്വന്തം ദേശത്തിന്റെ സ്ഥിതി മെച്ചപ്പെട്ട കഥയാണ്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അപ്പര്‍ സിയാങ്ങ് ജില്ലയിലെ മലയോര റോഡുകളിലൂടെയാണ് ആഡംബര സ്‌പോര്‍ട്‌സ് കാറുകള്‍ അതിവേഗത്തില്‍ പോകുന്നതിന്റെ വീഡിയോ പെമ ഖണ്ഡു പങ്കുവെച്ചിട്ടുള്ളത്. തുടര്‍ച്ചയായി പെയ്യുന്ന ചാറ്റല്‍ മഴയ്ക്ക് ഇടയിലൂടെയാണ് ഈ കാറുകള്‍ പാഞ്ഞുപോകുന്നത്. ഇതില്‍ ചില വാഹനങ്ങള്‍ റെയ്മണ്ട് ഗ്രൂപ്പ് മേധാവി ഗൗതം സിങ്കാനിയയുടേതാണെന്നും അദ്ദേഹവും സുഹൃത്തുകളും അവധി ആഘോഷിക്കാനെത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ തന്നെ വളരെ ചുരുക്കമായുള്ള വാഹനങ്ങളും ഈ കൂട്ടത്തിലുണ്ട്. മക്‌ലാരന്‍ 570എസ്, ഹോണ്ട എസ്2000, ഫെരാരി 488, ലംബോര്‍ഗിനി ഹുറാകാന്‍, പോര്‍ഷെ 911 തുടങ്ങിയ വാഹനങ്ങളും മുഖ്യമന്ത്രി പങ്കുവെച്ച വീഡിയോയിലുണ്ട്. നിരത്തുകളിലൂടെ പായുന്ന വാഹനങ്ങളുടെ ദൃശ്യത്തിന് പുറമെ, പാസിഗാട്ട് വിമാനത്താവളത്തിന് മുന്നില്‍ സൂപ്പര്‍ കാറുകള്‍ നിരന്ന് കിടക്കുന്നതിന്റെ വീഡിയോയും മുഖ്യമന്ത്രി പെമ ഖണ്ഡു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

അരുണാചല്‍ പ്രദേശിലെ റോഡുകളുടെ നിലവാരം ഉയര്‍ന്നതിന്റെ തെളിവാണിതെന്നാണ് പെമ ഖണ്ഡു അവകാശപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും സൂപ്പര്‍കാറുകൾ അരുണാചല്‍ പ്രദേശില്‍ എത്തുന്നത്. കിഴക്കന്‍ അരുണാചലില്‍ 1000 കിലോമീറ്ററോളം ഇവര്‍ സഞ്ചരിക്കും. ഈ സൂപ്പര്‍കാറുകളുമായി എത്തിയവര്‍ക്ക് ഇവിടുത്തെ പ്രകൃതി ഭംഗിയോടൊപ്പം യാത്ര ചെയ്യുന്ന മനോഹരമായ റോഡുകളും ആസ്വദിക്കാന്‍ സാധിക്കട്ടേയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Content Highlights: CM Pema Khandu Shares Video of Supercars Enthralling Arunachal Pradesh