ലോകത്തില്‍ത്തന്നെ അപൂര്‍വമായ ക്ലാസിക്-വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനത്തിനൊരുങ്ങി ഷാര്‍ജ. 'ഓള്‍ഡ് കാര്‍സ് ക്ലബു'മായി ചേര്‍ന്ന് ഷാര്‍ജ നിക്ഷേപവികസന വകുപ്പാണ് (ഷുറൂഖ്) 'ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍' സംഘടിപ്പിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കാര്‍ ശേഖരത്തില്‍ നിന്നടക്കം, ലോകോത്തര ബ്രാന്‍ഡുകള്‍ നിര്‍മിക്കുകയും റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയുംചെയ്ത 50-ലേറെ അത്യപൂര്‍വ കാറുകളാണ് മേളയിലുണ്ടാവുക. 

'വേള്‍ഡ്സ് കൂളസ്റ്റ് വിന്റര്‍' എന്ന വിനോദസഞ്ചാര കാമ്പയിന്റെ ഭാഗമായി ഒരുങ്ങുന്ന സൗജന്യപ്രദര്‍ശനത്തിന് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായുള്ള ഷുറൂഖിന്റെ വിനോദകേന്ദ്രങ്ങളാണ് വേദിയൊരുക്കുന്നത്. നാല് വ്യത്യസ്ത ദിവസങ്ങളിലായി നാലിടങ്ങളില്‍ പ്രദര്‍ശനം അരങ്ങേറും. ജനുവരി 29-ന് ഖോര്‍ഫക്കാന്‍ ബീച്ചിലാണ് ക്ലാസിക് കാറുകളുടെ ആദ്യ പ്രദര്‍ശനം. 'ഖോര്‍ഫക്കാന്‍ ബീച്ച് ക്ലാസിക്സ്' എന്ന പേരിലാണ് ഇതറിയപ്പെടുക.

ശേഷം ഫെബ്രുവരി 19-ന് 'അല്‍ ബദായര്‍ റിട്രീറ്റില്‍' രണ്ടാംപ്രദര്‍ശനവും തുടര്‍ന്ന് മാര്‍ച്ച് 26-ന് 'അല്‍ ബെയ്ത്' ഹോട്ടല്‍ പരിസരത്ത് മൂന്നാം പ്രദര്‍ശനവുമൊരുക്കും. ഷാര്‍ജ നഗരമധ്യത്തിലുള്ള ഫ്ലാഗ് ഐലന്‍ഡില്‍ ഏപ്രില്‍ രണ്ടിന് നടക്കുന്ന പ്രദര്‍ശനത്തോടെയാണ് ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍ അവസാനിക്കുക. കാര്‍ പ്രേമികള്‍ക്ക്, പ്രത്യേകിച്ച് വിന്റേജ് കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ അത്യപൂര്‍വ കാറുകള്‍ അടുത്തുകാണാനും മനസ്സിലാക്കാനും ചിത്രമെടുക്കാനുമുള്ള അവസരമാണ് ക്ലാസിക് കാര്‍ ഉത്സവത്തിലൂടെയൊരുങ്ങുന്നത്.

ഒരുകാലത്ത് നിരത്തുകള്‍ അടക്കി ഭരിച്ച രാജാക്കന്മാരെ അതേ പ്രൗഢിയോടെ വീണ്ടും കാണാനാവും. പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞുപോലെ ചിലതിനൊക്കെ മുമ്പത്തെക്കാള്‍ അഴകേറിയിട്ടുമുണ്ടാവും. വാഹനപ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍ വീണ്ടും അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഷുറൂഖ് സി.ഒ.ഒ. അഹ്മദ് അല്‍ ഖസീര്‍ പറഞ്ഞു.

ഷുറൂഖുമായി ചേര്‍ന്ന് ഇത്തരമൊരു പ്രദര്‍ശനമൊരുക്കാനായതില്‍ ആഹ്ലാദമുണ്ടെന്ന് ഷാര്‍ജ ഓള്‍ഡ് കാര്‍സ് ക്ലബ്ബ് ചെയര്‍മാന്‍ ഡോ. അലി അഹമ്മദ് അബു അല്‍ സൂദ് വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരുമണിമുതല്‍ വൈകീട്ട് ആറുവരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും റെസ്റ്റോറന്റുകളും ഇവിടെയുണ്ടാകും. കോവിഡ് സുരക്ഷാനിര്‍ദേശങ്ങളെല്ലാം ഉറപ്പുവരുത്തിയാണ് പ്രദര്‍ശനം.

Content Highlights: Classic Car Festival For Vintage Classic Cars Exhibition