സിട്രോൺ സി3
ഇന്ത്യയിലെ വാഹനങ്ങളില്‍ ഇളമുറക്കാരനാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയിലെ സിട്രോണിന്റെ വാഹനനിരയിലുള്ളത്. പ്രീമിയം എസ്.യു.വിയായ സി5 എയര്‍ക്രോസും ബി സെഗ്മെന്റ് ഹാച്ച്ബാക്ക് മോഡലായ സി3-യും. സി5-ന് പ്രതീക്ഷിച്ച തിളക്കമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും സി3 എന്ന സിട്രോണിന്റെ എന്‍ട്രി ലെവല്‍ മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മോഡലിനെ ഇലക്ട്രിക്കിലേക്കും മാറ്റാനുള്ള പദ്ധതിയിലാണ് കമ്പനി.
സി3-യുടെ ഇലക്ട്രിക് പതിപ്പിനെ വൈകാതെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്ന് സിട്രോണിന്റെ മാതൃകമ്പനിയായ സ്റ്റെലാന്റിസിന്റെ വേള്‍ഡ്വൈഡ് സി.ഇ.ഒ. തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023-ന്റെ ആരംഭിത്തില്‍ തന്നെ ഈ ഇലക്ട്രിക് വാഹനത്തെ പ്രതീക്ഷിക്കാം. 2023 ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിലായിരിക്കും ഇന്ത്യക്കായുള്ള സി3 ഇലക്ട്രിക് പ്രദര്‍ശിപ്പിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. ചെറുകാറുകളായിരിക്കും സ്റ്റെല്ലാന്റിസ് ഇലക്ട്രിക് കരുത്തില്‍ എത്തിക്കുകയെന്നാണ് വിലയിരുത്തലുകള്‍.
കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണു കമ്പനിയുടെ ലക്ഷ്യമെന്നാണ് മേധാവി അറിയിച്ചിരിക്കുന്നത്. സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് വാഹനം എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായി നിലനില്ക്കുന്നു. വില സംബന്ധിച്ച ഘടന ഒരുക്കുന്നതിന്റെ തിരക്കിലാണ് സ്റ്റെല്ലാന്റിസ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊള്ളുന്ന നിലയ്ക്ക് ഈ വാഹനങ്ങള്‍ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും എത്തിതുടങ്ങുമെന്നും കമ്പനി മേധാവി ഉറപ്പുനല്‍കുന്നു.
സി3-യുടെ ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ വിതരണ സംവിധാനമാണ് ഇന്ത്യയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ മികച്ച ലാഭം ഉറപ്പാക്കി തന്നെ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റുമതി സാധ്യമാകുമെന്ന് കമ്പനി അറിയിച്ചു.
പ്യൂഷോ യൂറോപ്പില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനമായ ഇ-208 മോഡലിന് അടിസ്ഥാനമായ സി.എം.പി. മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും സി3 ഇലക്ട്രിക്കും ഒരുങ്ങുകയെന്നാണ് വിലയിരുത്തല്‍. 50 കിലോവാട്ട് ബാറ്ററി പാക്കും 136 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 362 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഇ-208-നുള്ളത്. ഇതേ ബാറ്ററി പാക്ക് ആയിരിക്കും സി3-യുടെ ഇലക്ട്രിക് മോഡലിലും നല്‍കുക.
ഈ വര്‍ഷമാണ് പെട്രോള്‍ എന്ജിന് കരുത്തേകുന്ന വാഹനമായി സി3 ഇന്ത്യയില്‍ എത്തിയത്. 1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നിവയാണ് അവ. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്ജിന് 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്സ്മിഷന്. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്ജിന് 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ടര്‍ബോ എന്‍ജിനൊപ്പം ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Citron will launch C3 electric model in January 2023, Citron c3 electric, citroen electric car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..