സിട്രോൺ സി3 | Photo: Citroen.co.uk
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ച വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍. സി5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്.യു.വിയിലൂടെ ഇന്ത്യയിലെ വാഹന വിപണിയില്‍ പ്രവേശിച്ച ഈ ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ക്ക് മികച്ച സ്വീകരണവും ലഭിച്ചു. അവതരിപ്പിച്ച മൂന്ന് മാസം പിന്നിടുമ്പോള്‍ 1000-ത്തില്‍ അധികം ബുക്കിങ്ങ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിപണിയില്‍ നിന്ന് ലഭിക്കുന്ന അനുകൂല പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ മോഡലും ഇന്ത്യയില്‍ എത്തിക്കാനുള്ള ആലോചനയിലാണ് സിട്രോണ്‍ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വാഹന വിപണിയില്‍ കടുത്ത മത്സരത്തിന് വേദിയാകുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയാണ് സിട്രോണിന്റെ പുതിയ ലക്ഷ്യം. സി3 എന്ന മോഡലായിരിക്കും സിട്രോണ്‍ അടുത്തതായി എത്തിക്കുകയെന്നാണ് സൂചന.
ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ അറിയിച്ചിരുന്നത് പോലെ ഒരു വര്‍ഷം ഒരു വാഹനം നിരത്തുകളില്‍ എത്തിക്കുക എന്ന പദ്ധതിയാണ് സിട്രോണ്‍ ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടാമത്തെ മോഡലായ സി3 അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സിട്രോണ്‍ ഇന്ത്യ മേധാവി അറിയിച്ചു.
അതേസമയം, സി3 ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ലുക്കിലും ഫീച്ചറുകളിലും സി5 എയര്‍ക്രോസ് എസ്.യു.വിയോട് ചേര്‍ന്ന് നില്ക്കുന്ന മോഡലാണ് സി3-യും. 4154 എം.എം. നീളവും 1756 എം.എം. വീതിയും 1637 എം.എം. ഉയരവുമായിരിക്കും സി3-ക്ക് ഉള്ളത്.
സമ്പൂര്‍ണ എസ്.യു.വിയുടെ ഭാവത്തിലാണ് സി3 എയര്‍ക്രോസിന്റെ ഡിസൈന്‍. ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്.എല്‍, ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, മികച്ച അലോയി വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ സ്റ്റൈലിഷാക്കുന്നത്.
ഇന്റീരിയറിലും സി5 എയര്‍ക്രോസിന് സമാനമായ ഫീച്ചറുകള്‍ നല്‍കുമെന്നാണ് സൂചന. കൃത്യമായി ഫീച്ചര്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചായിരിക്കും സി3 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുക. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുകയെന്നും വിവരമുണ്ട്.
Source: Car and Bike
Content Highlights: Citroen India To Launch C3 Compact SUV In Next Year
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..