ന്ത്യയിലെ വാഹന വിപണിയില്‍ ഏറ്റവും ഒടുവിലെത്തിയ കമ്പനിയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. സി5 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വിയുമായി ഇന്ത്യയില്‍ തുടക്കം കുറിച്ച് ഈ വാഹനം കൂടുതല്‍ സെഗ്മെന്റുകളിലേക്ക് വ്യാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ വരവിനൊരുങ്ങുന്ന സി3 എന്ന മോഡല്‍ പ്രദര്‍ശനത്തിനെത്തി. അന്താരാഷ്ട്ര വിപണിയെ ലക്ഷ്യമാക്കിയാണ് ഈ മോഡല്‍ എത്തുന്നത്. 

2022-ന്റെ ആദ്യ പകുതിയിലായിരിക്കും സി3 പുറത്തിറക്കുകയെന്നാണ് വിവരം. കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനം മറ്റ് മോഡലുകളെ അപേക്ഷിച്ച് മികച്ച ഡ്രൈവിങ്ങ് അനുഭവം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും ഈ വാഹനം എതിരാളികളെക്കാള്‍ മുന്നിലായിരിക്കുമെന്നാണ് സൂചന. സിട്രോണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമെന്ന ഖ്യാതിയിലുമായിരിക്കും സി3 എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിട്രോണ്‍ പ്രാദേശികമായി നിര്‍മിച്ച കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍(സി.എം.പി) ആയിരിക്കും സി3 ഒരുങ്ങുകയെന്നാണ് വിവരം. ആഗോള വിപണിയില്‍ എത്തിയിട്ടുള്ള സി3-ക്ക് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യന്‍ മോഡലും ഒരുങ്ങുകയെന്നാണ് വിരവം. സി5-ല്‍ നല്‍കിയിരിക്കുന്നതിന് സമാനമായ ഗ്രില്ല്, ഷാര്‍പ്പായുള്ള ഹെഡ്‌ലൈറ്റുകള്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം അലങ്കരിക്കുന്നത്.

Citroen C3
സിട്രോണ്‍ സി3 | Photo: Citroen India

ശ്രേണിയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനായി ഫീച്ചര്‍ സമ്പന്നമായായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകള്‍, യാത്രക്കാരെ കംഫര്‍ട്ടബിള്‍ ആക്കുന്ന സീറ്റുകള്‍, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ് എന്നിവയാണ് അകത്തളത്തെ മറ്റ് ഫീച്ചറുകള്‍. 

ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ബ്രസീലിയന്‍ നിരത്തുകളിലെ സി3-യില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നാണ് വിവരം. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഇതില്‍ നല്‍കും.

Content Highlights: Citroen India Second Model C3 Compact SUV Unveiled