ന്ത്യയുടെ അഭിമാനമായിരുന്ന അംബാസിഡറിനെ ഏറ്റെടുത്ത വാഹന നിര്‍മാതാക്കളാണ് പ്യൂഷെ. ഇന്ത്യയിലേക്ക് അംബാസിഡറിനെ മടക്കിയെത്തിക്കുമെന്ന് പ്യൂഷെ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആദ്യമെത്തിക്കുന്നത് സിട്രോണ്‍ സി5 എയര്‍ക്രോസ് എന്ന എസ്‌യുവിയാണ്.

2020-ന്റെ തുടക്കത്തില്‍ തന്നെ സിട്രോണ്‍ സി5 എയര്‍ക്രോസ് നിരത്തിലെത്തുമെന്നാണ് പ്യൂഷെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എസ്‌യുവികളുടെ സ്വീകാര്യത കൂടുന്നത് കണക്കിലെടുത്താണ് ആദ്യ വാഹനം ഈ ശ്രേണിയിലെത്തിക്കാന്‍ മാതൃകമ്പനിയായ പിഎസ്എ തീരുമാനിച്ചത്.

സ്‌പോര്‍ട്ടി ഡിസൈനാണ് ഈ വാഹനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌സലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് ഈ വാഹനത്തിന്റെ പുറമെയുള്ള പ്രത്യേകത.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവ നല്‍കിയിട്ടുണ്ട്.

സിട്രോണ്‍ സി5-ന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

നേരത്തെ അംബാസിഡറിന്റെ ഉടമകളായിരുന്ന സി.കെ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ചാണ് പ്യൂഷെ ഇവിടെ കളി തുടങ്ങുക. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിലാകും പ്യൂഷെയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുക. 2022 ഓടെ രാജ്യത്തുടനീളം 80-100 ഡീലര്‍ഷിപ്പുകള്‍ തുറക്കാനും പ്യൂഷെ ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Citroen C5 Aircross Unveiled In India; Launch Confirmed For 2020