ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന് ഇന്ത്യയിലേക്ക് വഴിയൊരുക്കി ആദ്യ വാഹനമായ സി5 എയര്‍ക്രോസ് പ്രദര്‍ശിപ്പിച്ചു. മാര്‍ച്ച് മാസത്തോടെ ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സി.കെ.ബിര്‍ളയുടെ പ്ലാന്റിലാണ് സിട്രോണ്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളും ബുക്കിങ്ങും അവതരണ വേളയില്‍ മാത്രമായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന.
വിദേശത്ത് നിര്‍മിച്ച് തിരുവള്ളൂരിലെ പ്ലാന്റില്‍ ഭാഗങ്ങള്‍ യോജിപ്പിച്ചായിരിക്കും സി5 എയര്‍ക്രോസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിട്രോണ്‍ പദ്ധതിയിട്ടിരിക്കുന്നത്. ന്യൂജനറേഷന്‍ ഫീച്ചറുകളുടെ അകമ്പടിയില്‍ ഒറ്റ വേരിയന്റില്‍ മാത്രമായിരിക്കും സി5 എയര്‍ക്രോസിന്റെ എന്‍ട്രി. ഇന്ത്യയില്‍ ഏകദേശം 30 ലക്ഷം രൂപയോളം വില വരുമെന്നും പ്രവചനങ്ങളുണ്ട്.
180 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും സി5 എയര്‍ക്രോസിന്റെ ഹൃദയം. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ആയിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഇതിലെ ഷിഫ്റ്റ്-ബൈ-വയര്‍ സംവിധാനത്തിലൂടെ കാര്യക്ഷമമായ ട്രാന്‍സ്മിഷന്‍ പ്രതീക്ഷിക്കാം. ഈ വാഹനം ഉള്‍പ്പെടുന്ന സെഗ്മെന്റില്‍ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയായിരുന്നു സി5 എയര്‍ക്രോസ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.
പി.എസ്.എയുടെ ആഗോള വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഇ.എം.പി.2 പ്ലാറ്റ്‌ഫോമിലായിരിക്കും സി5 എയര്‍ക്രോസും ഒരുങ്ങുക. 4500 എം.എം. നീളവും 1840 എം.എം. വീതിയും 1670 എം.എം. ഉയരവുമാണ് ഈ എസ്.യു.വിയുടെ അളവുകള്‍. പ്രധാന എതിരാളിയായ ഹ്യുണ്ടായി ടൂസോണിനെക്കാള്‍ 25 എം.എം. നീളവും 10 എം.എം. ഉയരവും ഈ വാഹനത്തിന് അധികമുണ്ട്. 2730 എം.എം. ആണ് ഈ വാഹനത്തിന്റെ വീല്‍ബേസ്.
മിഡ്-സൈസ് എസ്.യു.വി.ശ്രേണിയിലാണ് സിട്രോള്‍ സി5 എയര്‍ക്രോസ് എത്തുന്നത്. എസ്.യു.വികളുടെ എല്ലാ ഭാവങ്ങളും ഉള്‍പ്പെടുത്തിയാണ് സി5 എയര്‍ക്രോസിന്റെ ഡിസൈന്‍. ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, മികച്ച അലോയി വീലുകള്‍, ഫ്‌ളോട്ടിങ്ങ് റൂഫ് എന്നിവയാണ് എക്സ്റ്റീരിയറിനെ സ്റ്റൈലിഷാക്കുന്നത്.
എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 12.3 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഹാന്‍ഡ്‌സ് ഫ്രീ ബൂട്ട് ഓപ്പണ്‍ എന്നീ ഫീച്ചറുകളാണ് എയര്‍ക്രോസിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. പേള്‍ വൈറ്റ്, ക്യുമുലസ് ഗ്രേ, ടിജുക ബ്ലു, പേള നെറാ ബ്ലാക്ക്, പേള്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ക്യുമുലസ് ഗ്രേ വിത്ത് ബ്ലാക്ക് റൂഫ്, ടിജുക ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് എന്നീ ഏഴ് നിറങ്ങളില്‍ ഈ വാഹനമെത്തിയേക്കും.
Source: India Car News
Content Highlights: Citroen C5 Aircross SUV Unveiled India; Launch In March