ണ്ട് പുതിയ വാഹന നിര്‍മാതാക്കള്‍ക്കാണ് 2019-ല്‍ ഇന്ത്യന്‍ വാഹനവിപണിക്ക്‌ വഴി തുറന്നുനല്‍കിയത്. ഇത് 2020-ലും ആവര്‍ത്തിക്കുകയാണ്. ഗ്രൂപ്പ് പിഎസ്എയുടെ ഉടമസ്ഥതയിലുള്ള സീട്രോണും ചൈനീസ് വാഹനഭീമന്മാരായ ചാങ്ഹാന്‍ മോട്ടോഴ്‌സുമാണ് അടുത്ത വര്‍ഷം ഇന്ത്യാ പ്രവേശനം കാത്തിരിക്കുന്നത്. 

ഇതില്‍ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമായ സി5 എയര്‍ക്രോസ് പരീക്ഷണയോട്ടം തുടങ്ങി. എസ്‌യുവി ശ്രേണിയിലെത്തുന്ന സി5 എയര്‍ക്രോസ് പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് റെഷ്‌ലെയ്ന്‍ പുറത്തുവിട്ടത്.

നാല് വാഹനങ്ങളാണ് പരീക്ഷണത്തിന് നിരത്തിലിറങ്ങിയത്. കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയടങ്ങിയതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

സിട്രോണ്‍ സി5-ന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവ സി5 എയര്‍ക്രോസില്‍ നല്‍കുന്നുണ്ടെന്നാണ് സൂചന.

സിട്രോണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Content Highlights: Citroen C5 Aircross SUV Starts Test Run In India