ഇന്ത്യന്‍ നിരത്തുകളിലേക്ക് പ്രവേശനം കാത്തിരിക്കുന്ന വാഹനനിര്‍മാതാക്കളായ സിട്രോണിന്റെ ആദ്യ വാഹനം സി5 എയര്‍ക്രോസ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണ ഓട്ടം തുടങ്ങി.
ഇന്ത്യയില്‍ സി5 എയര്‍ക്രോസിന്റെ നിര്‍മാണം ആരംഭിച്ചെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ വാഹനം മൂടിക്കെട്ടലുകളില്ലാതെ നിരത്തില്‍ പരീക്ഷണയോട്ടത്തിനിറങ്ങിയത്.
2021-ന്റെ തുടക്കത്തില്‍ തന്നെ നിരത്തില്‍ അവതരിപ്പിക്കാനാണ് സിട്രോണിന്റെ നീക്കം. ഇതിന് മുന്നോടിയായാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള സി.കെ ബിര്‍ള പ്ലാന്റില്‍ ഈ വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള വാഹനനിര്‍മാണ കമ്പനിയാണ് സിട്രോണ്‍.
മുമ്പ് സിട്രോണ്‍ പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് സമാനമാണ് സി5 എയര്‍ക്രോസിന്റെ പ്രൊഡക്ഷന്‍ പതിപ്പും. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയാണ് ഈ വാഹനത്തിന്റെ പുറമെയുള്ള പ്രത്യേകത.
ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറായിരിക്കും സി5 എയര്‍ക്രോസില്‍ നല്‍കുക. ഇതിനൊപ്പം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കും. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. 360 ഡിഗ്രി വിഷന്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് തുടങ്ങിയവ ഈ വാഹനത്തില്‍ സുരക്ഷയൊരുക്കും.
Content Highlights: Citroen C5 Aircross SUV Spied Testing In Tamilnadu