
സിട്രൺ സി5 എയർക്രോസ് | Photo: Citroen India
ഫ്രഞ്ചുകാരെ നമ്മള് മുമ്പും കണ്ടിട്ടുണ്ട്. റെനോ എന്ന പേരില്‍ ഡസ്റ്റര്‍ നമ്മളെ കൊതിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരാള്‍ കൂടി കടല്‍ കടന്ന് എത്തുകയാണ് - സിട്രണ്‍. ഇയാള്‍ അല്പം കൂടി പരിഷ്കാരിയാണ്. പറഞ്ഞാല്‍ തനി ഫ്രഞ്ച്. യൂറോപ്യന്‍ ഗുണങ്ങളെല്ലാം രക്തത്തില്‍ കലര്‍ന്നിട്ടുള്ള സിട്രണ്‍ ഇന്ത്യന്‍ റോഡിലേക്കെത്തുമ്പോള്‍ കളി മാറും. കാരണം ഇന്ത്യന്‍ റോഡുകളില്‍ എന്താണ് വേണ്ടതെന്നു പഠിച്ച് തന്നെയാണ് സിട്രണ്‍ തങ്ങളുടെ ആദ്യ വാഹനമായ സി ഫൈവ് എയര്‍ക്രോസിനെ ഇവിടെ എത്തിച്ചിരിക്കുന്നത്.
രൂപത്തിലും ഗുണത്തിലും ഒരു പടി ഉയര്‍ന്നു തന്നെയാണ് സി ഫൈവിന്റെ നില്‍പ്പ്. ഏപ്രിലില്‍ വിപണിയിലെത്തുന്നതിന്റെ മുന്നോടിയായി പരിചയപ്പെടാന്‍ കിട്ടിയതായിരുന്നു സിട്രണിന്റെ ഈ എസ്.യു.വി. പതിപ്പിനെ. യാത്ര കൊച്ചിയില്‍നിന്ന് അതിരപ്പിള്ളിയിലേക്കും. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ റോഡില്ലാത്ത എസ്റ്റേറ്റിലൂടെ വണ്ടിയുടെ സസ്പെന്ഷന് പരീക്ഷിക്കാന്‍ പോയപ്പോള്‍ തോറ്റത് ഞങ്ങളായിരുന്നു. സി ഫൈവിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്.
രൂപം
തനി യൂറോപ്യനാണ്. ആകാരത്തിലും വടിവിലുമെല്ലാം. സി. പില്ലറിനു ശേഷമുള്ള ഭാഗം നോക്കുമ്പോള്‍ മിനിയെ ഓര്മ വരും. മിനിയെന്നു െവച്ചാല്‍ മിനി കൂപ്പര്‍. നല്ല ഉയരമുണ്ട്. മുന്‍ഭാഗത്തെ ഗ്രില്ലുതന്നെയാണ് സിട്രണിന്റെ ലോഗോ. മുന്‍വശം മുഴുവന്‍ പരന്നുകിടക്കുന്നു. രണ്ട്് ക്രോം ലൈനുകള്ക്കിടയിലാണ് ഡി.ആര്.എല്‍. അതുതന്നെയാണ് ഇന്‍ഡിക്കേറ്ററായി മാറുന്നതും. വെള്ള ഓറഞ്ചായി മാറും. തൊട്ടുതാഴെയായി ഹാലജന്‍ ലാംപുകളുമായി ചെറിയ ഹെഡ്ലൈറ്റുകള്. അതിനോടു ചേര്‍ന്ന് എയര്‍വെന്റും ഗ്രില്ലിന്റെ ഭാഗമായുണ്ട്.
നമ്പര്‍പ്ലേറ്റിനു താഴെ എയര്‍വെന്റ് എന്ന് തോന്നിപ്പിക്കുന്ന രണ്ട് രൂപങ്ങളുണ്ട്. അതിലൊന്ന് യഥാര്‍ഥ എയര്‍ ഇന്ടേക്കാണ്. മറ്റൊന്ന് വ്യാജനും. അതിനു താഴെയാണ് ഫോഗ് ലാംപുകള്‍. താഴെയുള്ള കറുത്ത ക്ലാഡിങ് വശങ്ങളിലും തുടരുന്നുണ്ട്. വശത്തു നിന്ന് നോക്കുമ്പോള്‍ ആര്‍ച്ച് ഷേപ്പിലുള്ളതാണ് രൂപമെന്ന് മനസ്സിലാക്കാം. എ പില്ലര്‍ മുതല്‍ സി പില്ലര്‍ വരെ ഡോറിനു ചുറ്റും സി ഷേപ്പിലുള്ള ക്രോം ഇസര്ട്ടും നല്‍കിയിട്ടുണ്ട്.
പിന്‍ഭാഗമാണ് ശരിക്കും യൂറോപ്യന്‍ ലുക്ക് തരുന്നത്. ഒതുങ്ങിയ പിന്‍ഭാഗം. അതില്‍ പ്രീമിയം കാറുകളില്‍ കാണുന്നതുപോലുള്ള ത്രീഡി എല്‍.ഇ.ഡി. ടെയില്‍ ലാംപുകള്‍. നമ്പര്‍പ്ലേറ്റിനു മുകളില്‍ സിട്രണിന്റെ ലോഗോ. കാഴ്ചയില്‍ തലയുയര്‍ത്തി നില്ക്കുന്ന എസ്.യു.വി. യുടെ രൂപമാണെന്ന് പറയാനാവില്ല. പകരം ഒന്നു പതുങ്ങി നില്ക്കുന്ന ക്രോസ്ഓവര്‍ രൂപമാണെന്നു തോന്നും.
ഉള്ളില്‍
സുഖസൗകര്യത്തിനാണ് സിട്രണ്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. സീറ്റുകളുടെ കാര്യം പ്രത്യേകം എടുത്തുപറയണം. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന വിധത്തിലുള്ള മികച്ച ഗുണനിലവാരത്തിലുള്ള സീറ്റുകളാണ്. പ്ലെയിന്‍ സീറ്റുകള്‍ക്കുപകരം ചെറിയ ക്യൂബ് ആകൃതിയിലാണ് സീറ്റുകള്‍. അത് മികച്ച രീതിയില്‍ പിറകുവശത്തിന് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. പിന്നിലെ മൂന്നു സീറ്റുകളിലും ഇതേ അവസ്ഥ തന്നെയാണ്.
വളരെ വൃത്തിയുള്ള ഡാഷ്ബോര്‍ഡാണ്. കറുപ്പും ചാര നിറവുമാണ് ഉള്ളില്‍ പ്രധാനം. ഡാഷിലുള്ളത് എട്ട് ഇഞ്ച് ടച്ച് സ്ക്രീനാണ്. അതിനു തൊട്ടുതാഴെയായാണ് ഷോര്‍ട്ട്കട്ട് സ്വിച്ചുകള്‍. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് 12.3 ഇഞ്ചാണ് വലിപ്പം. പെട്ടെന്നു വായിച്ചെടുക്കാവുന്ന രീതിയില്‍ വലിപ്പത്തിലാണ് ഗ്രാഫിക്സുകള്‍ തെളിയുന്നത്. സെന്‍ട്രല്‍ കണ്‍സോളിന് നല്ല വലിപ്പമുണ്ട്. മോഡ് സെലക്ടും മറ്റും അതില്‍ ചെയ്യാം. പ്രീമിയം എസ്.യു.വി.കളില്‍ കാണുന്ന രീതിയിലുള്ളതാണ് ഗിയര്‍ ഷിഫ്റ്റ്.
പ്രകടനം
അപ്പൂപ്പന്താടിയെ പോലെ പറന്നു നടക്കുന്ന സുഖമാണ് സിട്രണിലെ യാത്ര. കുറ്റംപറയരുതല്ലോ സസ്പെന്‍ഷന്റെ കാര്യത്തില്‍ മറ്റൊരു വണ്ടിയുമായും താരതമ്യമില്ല. സിട്രണ്‍ പണ്ടുതൊട്ടേ പ്രശസ്തരാകുന്നത് സസ്പെന്‍ഷന്റെ കാര്യത്തിലാണ്. സി ഫൈവിലാകട്ടെ അവരുടെ പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യനാണ് വരുന്നത്. കമ്പനി പറയുന്നതുപോലെ മാജിക് കാര്‍പ്പെറ്റ് റൈഡ്. എത്ര വലിയ കുഴിയില്‍ വീണാലും ഷോക്ക് അബ്സോര്‍ബര്‍ അടിക്കില്ല.
അതിരപ്പിള്ളിക്ക് സമീപത്തെ പ്ലാന്റേഷന് കോര്‍പ്പറേഷന്റെ വഴികളിലാണ് ഇതിന്റെ സസ്പെന്ഷന് പരീക്ഷണം നടത്തിയത്. ടാറില്ലാ വഴികളില്‍ അറിഞ്ഞുപോലുമില്ല. എന്‍ജിന്റെ കാര്യത്തിലും അതുതന്നെയാണ്. 2 ലിറ്റര്‍ ഡീസല്‍ എന്ജിന് കുതിച്ചു കയറുന്നത് അറിയുന്നതേയില്ല. ലാഗ് എന്ന വാക്ക് മിണ്ടിപ്പോകരുതെന്ന അവസ്ഥയാണ്. 177 പി.എസ്. കരുത്തും 400 എന്‍. എം. ടോര്‍ക്കും നല്കുന്നതാണിത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ കൂടി ചേരുമ്പോള്‍ കഥ പൂര്‍ണമാകുന്നു. 18.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. പ്രധാന എതിരാളികള്‍ ഫോക്സ്വാഗന്റെ ടിഗ്വാനും ഹ്യുണ്ടായിയുടെ ട്യൂസോണുമൊക്കെയാകുമ്പോള് വില ഏകദേശം മുപ്പത് ലക്ഷത്തിനടുത്ത് പ്രതീക്ഷിക്കാം.
Content Highlights: Citroen C5 Aircross SUV Reached In India- Test Drive Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..