ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിച്ചു. സിട്രോണിന്റെ ആദ്യ വാഹനമായ സി5 എയര്‍ക്രോസ് വിപണിയില്‍ അവതരിപ്പിച്ചു. ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 29.90 ലക്ഷം രൂപ മുതല്‍ 31.90 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില. പേള്‍ വൈറ്റ്, ടിജുക്ക് ബ്ലൂ, ക്യുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ഡ്യുവല്‍ ടോണ്‍, മോണോ ടോണ്‍ ഓപ്ഷനുകളിലാണ് എത്തിയിട്ടുള്ളത്. 

സിട്രോണ്‍ വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ലാ മെയ്‌സന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂമുകളില്‍ ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. കൊച്ചി, ന്യൂഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂന, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ പത്ത് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സിട്രോണിന്റെ ഷോറൂമുകള്‍ തുറന്നിട്ടുള്ളത്. ഉപയോക്താക്കളുടെ ഫീഡ് ബാക്ക് ലഭിക്കുന്നതിനായുള്ള സിട്രോണ്‍ അഡൈ്വസര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ഇന്ത്യന്‍ നിരത്തുകളില്‍ സി5 എയര്‍ക്രോസുമായി മത്സരിക്കുന്ന വാഹനങ്ങളോട് കിടപിടിക്കുന്ന സൗന്ദര്യമാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. പുതുമയുള്ള ഗ്രില്ല്, എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍., കോര്‍ണറിങ്ങ് ഫങ്ങ്ഷനുള്ള ഫോഗ്ലാമ്പ്, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, ഇലക്ട്രിക് ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, തുടങ്ങിയവയാണ് സി5 എയര്‍ക്രോസിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ആകര്‍ഷകമാക്കിയിരിക്കുന്നത്. 

Citroen C5 Aircross

ഫീച്ചര്‍ സമ്പന്നമാണ് സി 5 എയര്‍ക്രോസിന്റെ അകത്തളം. ആപ്പിള്‍ കാര്‍പ്ലേ-ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, കൂടുതല്‍ യാത്രാസുഖം നല്‍കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാസഞ്ചര്‍ സീറ്റുകള്‍ എന്നിവയാണ് ഈ പ്രീമിയം എസ്.യു.വിയുടെ അകത്തളത്തിന് ആഡംബര ഭാവം നല്‍കുന്നത്. 

കരുത്തുറ്റ ഡീസല്‍ എന്‍ജിനിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്.യു.വി. ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 177 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 18.5 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയും ഈ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. സെഗ്മെന്റ് ബെസ്റ്റ് സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Citroen C5 Aircross SUV Launched In India