ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ 'ഗ്രൂപ്പ് പി.എസ്.എ.'യുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി (എസ്.യു.വി.) വിഭാഗത്തിലുള്ള വാഹനമായിരിക്കും ആദ്യം അവതരിപ്പിക്കുകയെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) റോളണ്ട് ബൗചറ പറഞ്ഞു.

'സി5 എയര്‍ക്രോസ്' എന്ന മോഡലായിരിക്കും ആദ്യമെത്തുക. ആദ്യ അഞ്ചു വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തുടക്കത്തില്‍ തന്നെ ഷോറൂമുകളുണ്ടാകും.

സി.കെ. ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ചാണ് ഇന്ത്യയിലെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഐതിഹാസിക കാര്‍ ബ്രാന്‍ഡായ 'അംബാസഡറി'ന്റെ പേര് ഉപയോഗിക്കുന്ന കാര്യം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പോര്‍ട്ടി ഡിസൈനിലുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്സലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയാണ് ഈ വാഹനത്തിന്റെ പുറമെയുള്ള പ്രത്യേകത.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

സിട്രോണ്‍ സി5-ന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

Content Highlights: Citroen C5 Aircross Launch Confirmed For 2020 September