ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ 'ഗ്രൂപ്പ് പി.എസ്.എ.'യുടെ കീഴിലുള്ള സിട്രോണിന്റെ ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. എന്നാല്‍, ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ മാത്രമായിരിക്കും സിട്രോണ്‍ 'സി5 എയര്‍ക്രോസ് എസ്‌യുവി എത്തിക്കുക. 

കേരളത്തില്‍ കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലായിരിക്കും തുടക്കത്തില്‍ ഷോറൂമുകള്‍ ഉണ്ടാവുക. തമിഴ്‌നാട്ടിലെ തിരുവെള്ളൂരിലെ പ്ലാന്റിലാണ് സി5 എയര്‍ക്രോസ് അസംബ്ലിള്‍ ചെയ്യുക. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഷോറൂമുകള്‍ പ്രതീക്ഷിക്കാം.

അതേസമയം, ഇന്ത്യയിലാദ്യമെത്തുന്ന സി5 എയര്‍ക്രോസ് പരീക്ഷണയോട്ടം ആരംഭിച്ചു. കാഴ്ചയില്‍ സ്പോര്‍ട്ടി ഭാവമുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയടങ്ങിയതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

സിട്രോണ്‍ സി5-ന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവ സി5 എയര്‍ക്രോസില്‍ നല്‍കുന്നുണ്ടെന്നാണ് സൂചന.

Content Highlights: Citroen C5 Aircross Initially Sold In 10 Major Cities