ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സീട്രോണിന് ഇന്ത്യയിലേക്കുള്ള പാതയൊരുക്കുന്ന വാഹനമാണ് സി5 എയര്‍ക്രോസ് എന്ന എസ്‌യുവി. സെപ്റ്റംബറില്‍ വരവിനൊരുങ്ങിയിരുന്ന ഈ വാഹനത്തിന്റെ അവതരണം 2021-ലേക്ക് നീട്ടിയിരുന്നു. ഈ വാര്‍ത്തയ്‌ക്കൊപ്പം സി5 എയര്‍ക്രോസിനെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ പുറത്തായിട്ടുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തുമെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍, സി5 എയര്‍ക്രോസിന്റെ 2.0 ലിറ്റര്‍ ഡീഡല്‍ എന്‍ജിനും, എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സുമുള്ള ഒറ്റ വേരിയന്റ് മാത്രമായിരിക്കും ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 180 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. വിദേശ നിരത്തുകളിലെ സി5 എയര്‍ക്രോസില്‍ ഈ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഇന്ത്യയിലെത്തുമ്പോള്‍ ഈ വാഹനത്തില്‍ 1.5 ലിറ്റര്‍ എന്‍ജിന്‍ നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. 

കാഴ്ചയില്‍ സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയടങ്ങിയതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറാണ് ഇതിലുള്ളത്. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി വിഷന്‍, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവ സി5 എയര്‍ക്രോസില്‍ നല്‍കുന്നുണ്ടെന്നാണ് സൂചന.

Source: Autocar India

Content Highlighst: Citroen Launch Only One Varient C5 Aircross For India, 2.0 Liter Diesel Engine and Automatic Transmission