സിട്രോൺ സി3 | Photo: Citroen India
പുതിയ വാഹനങ്ങളുടെ പട തന്നെ ഒരുങ്ങുകയാണ് അണിയറയില്‍. മാറ്റങ്ങള്‍ എന്നും ഇഷ്ടപ്പെടുന്ന വാഹന പ്രേമികള്‍ക്ക് ഉത്സവകാലമാണ്. പ്രധാനമായും വില്പനയേറിയ കോംപാക്ട് വാഹനങ്ങളാണ് മുഖംമാറിയെത്തുന്നത്. ഇന്ത്യയിലെ വാഹന വില്പനയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന മാരുതി സുസുക്കിയും ഹ്യുണ്ടായിയും ടാറ്റയുമെല്ലാം പുതിയ താരങ്ങളെ വിപണിയിലെത്തിച്ചുകഴിഞ്ഞു. മാരുതിയുടെ ബ്രെസ്സയും ഹ്യുണ്ടായ് വെന്യുവും ഈ മാസമെത്തും. ടാറ്റയാകട്ടെ നെക്സോണിലെ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഫോക്സ്വാഗണും സിട്രോണുമെല്ലാം പുതിയ താരങ്ങളെ എത്തിക്കുകയാണ്. അവയില്‍ ചിലതിനെ പരിചയപ്പെടാം.
ബ്രെസ്സ
വലിയ മാറ്റങ്ങളും മികച്ച ഫീച്ചറുകളുമായി പുതിയ ബ്രെസ്സ ജൂണ്‍ 30-ന് വിപണിയിലെത്തും. 'വിറ്റാര' ഒഴിവാക്കി 'ബ്രെസ്സ' എന്ന പേരിലാകും കോംപാക്ട് എസ്.യു.വി. എത്തുക. പൂര്‍ണമായും പുതിയ ബ്രെസ്സയായിരിക്കും വരുന്നത്. 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുമായി എത്തുന്ന കാറിന് ഉയര്‍ന്ന ഇന്ധനക്ഷമതയുമുണ്ട് എന്നാണ് കരുതുന്നത്. ഗ്രില്‍, ബംബര്‍, ഹെഡ്ലൈറ്റ് ഡിസൈന്‍ എന്നിവയില്‍ പുതുമയുണ്ടാകും. റീ ഡിസൈന്‍ ചെയ്ത ക്ലാംഷെല്‍ സ്റ്റൈല്‍ ഹുഡ്, പുതിയ മുന്‍ ഫെന്‍ഡറുകള്‍ എന്നിവയുമുണ്ട്. ആദ്യ തലമുറയുടെ പ്ലാറ്റ്ഫോമും ബോഡി ഷെല്ലും ഡോറുകളും നിലനിര്‍ത്തിയാണ് പുതിയ രൂപം നല്‍കുന്നത്.

നിലവിലെ ബ്രെസ്സയില്‍ സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്റീരിയറുകളിലൊന്നാണ്. മാരുതി അത് കൂടുതല്‍ അപ്മാര്‍ക്കറ്റ് ആക്കുകയാണ് പുതിയ മോഡലിലൂടെ. മാരുതി അടുത്തിടെ പുറത്തിറക്കിയ 'എസ്.എക്സ്.6'-ന്റേയും ബെലേനോയുടെയും കണക്ടിവിറ്റി ഫീച്ചറുകള്‍ ബ്രെസ്സയിലേക്കും കൊണ്ടുവരുന്നുണ്ട്. ഗ്ലോബല്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ സ്വന്തമാക്കിയ കാറാണ് ബ്രെസ്സ. പുതിയ മോഡലിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. സുസുക്കിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്ഫോമിലാണ് കാറിന്റെ നിര്‍മാണം.
വെന്യു
അടിമുടി മാറ്റങ്ങളുമായി പുതിയ വെന്യു ജൂണ്‍ 16-ന് വിപണിയിലെത്തുമെന്നാണ് ഹ്യുണ്ടായ് അറിയിക്കുന്നത്.പുതിയ ട്യൂസോണില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. പുതിയ വലുപ്പം കൂടിയ ഗ്രില്‍, ബോള്‍ഡ് ലുക്ക് നല്കുന്ന വശങ്ങള്, സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന കണക്ടിങ് ടെയില്‍ലാംപ് അടങ്ങുന്ന പിന്‍ഭാഗം എന്നിവ പുതിയ മോഡലിലുണ്ടാകും. എന്‍ജിനില്‍ മാറ്റങ്ങളുണ്ടോ എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 1 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് നിലവിലെ വാഹനത്തില്‍ ഉപയോഗിക്കുന്നത്.
വെര്‍ട്യൂസ്
കുറച്ചുനാള്‍ മുമ്പ് വേള്‍ഡ് പ്രീമിയര്‍ നടത്തിയ വെര്‍ട്യൂസിന്റെ വില ഫോക്സ്വാഗണ് ജൂണില്‍ പ്രഖ്യാപിക്കും. 'സ്കോഡ സ്ലാവിയ'യുടെ ഫോക്സ്വാഗണ് പതിപ്പാണ് 'വെര്‍ട്യൂസ്'. ചെറു സെഡാന് 'വെന്റോ'യുടെ പകരക്കാരനായിട്ടായിരിക്കും വെര്‍ട്യൂസ് വിപണിയിലെത്തുക. എ.ക്യു.ബി. എ പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന കാറിന് വെന്റോയെക്കാള്‍ വലുപ്പം കൂടുതലായിരിക്കും. സ്ലാവിയയുടെ ഫോക്സ്വാഗണ് പതിപ്പാണെങ്കിലും അകത്തും പുറത്തും ധാരാളം മാറ്റങ്ങളുണ്ട്. 1.5 ലിറ്റര്‍ ടി.എസ്.ഐ., ഒരു ലിറ്റര്‍ ടി.എസ്.ഐ. എന്നിങ്ങനെ രണ്ട് പെട്രോള്‍ എന്ജിന് വകഭേദങ്ങളുണ്ട്. ആറ് സ്പീഡ് മാനുവലും ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോയും ഒരു ലിറ്ററിലുള്ളപ്പോള് ഏഴ് സ്പീഡ് ഡി.എസ്.ജി.യാണ് 1.5 ലിറ്ററിന്.
സി3

സിട്രോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം 'സി3 എയര്‍ക്രോസ്' ജൂണ്‍ അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ, നാലു മീറ്ററില്‍ താഴെ നീളവും എസ്.യു.വി. സ്റ്റൈലുമുള്ള ഹാച്ച്ബാക്ക് സി3, ഇന്ത്യയെയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളെയും ലക്ഷ്യമിട്ട് നിര്‍മിക്കുന്ന മൂന്നു മോഡലുകളില്‍ ആദ്യത്തേതാണ്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും മാനുവല്‍ ഗിയര്‍ബോക്സും ഏഴ് സ്പീഡ് ഡി.സി.ടി. ഗിയര്‍ബോക്സും വാഹനത്തിന് ലഭിച്ചേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..