സിട്രോൺ സി3-യും ഹ്യുണ്ടായി വെന്യൂവും പരീക്ഷണയോട്ടത്തിൽ | Photo: Team BHP
സി5 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വിയിലൂടെ ഇന്ത്യന്‍ നിരത്തുകളില്‍ സ്ഥാനമുറപ്പിച്ച ഫ്രഞ്ച് വാഹന നിര്‍മാതാക്കളാണ് സിട്രോണ്‍. രണ്ടാമത്തെ വാഹനം കോംപാക്ട് എസ്.യു.വി. ശ്രേണിയിലായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും സി3 എന്ന പേരിലുള്ള ഈ വാഹനം പ്രദര്‍ശനത്തിനെത്തിക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിരത്തുകളില്‍ എത്തുന്നതിന് മുമ്പുള്ള പരീക്ഷണയോട്ടത്തിലാണ് സിട്രോണ്‍ ഇന്ത്യയുടെ രണ്ടാമത്തെ മോഡല്‍.
സി3 എസ്.യു.വിയുടെ പ്രധാന എതിരാളികളില്‍ ഒരാളായ ഹ്യുണ്ടായി വെന്യുവിനൊപ്പം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങിലുള്ള വാഹനമാണ് പരീക്ഷണയോട്ടത്തിന് ഇറക്കിയിട്ടുള്ളത്. എന്നാല്‍, ഇതില്‍ സ്റ്റീല്‍ വീലാണ് നല്‍കിയിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. അതുപോലെ മുമ്പ് പ്രദര്‍ശനത്തിനെത്തിച്ച വാഹനത്തില്‍ നല്‍കിയിരുന്ന ക്ലാഡിങ്ങുകളും പരീക്ഷണയോട്ടത്തിനെത്തിയ വാഹനത്തിലില്ല.
എസ്.യു.വിയേക്കാള് ഏറെ ഹാച്ച്ബാക്കിന് സമാനമായ ഡിസൈനിലാണ് സിട്രോണ്‍ സി3 ഒരുങ്ങിയിട്ടുള്ളത്. അതേസമയം, ഹ്യുണ്ടായി വെന്യുവുമായി സാമ്യം തോന്നിക്കുന്ന പിന്‍ഭാഗവുമാണ് ഇതിലുള്ളത്. സി3-യുടെ അളവുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സബ് ഫോര്‍ മീറ്റര്‍ ശ്രേണിയില്‍ വരുന്നതിനാല്‍ തന്നെ 3998 എം.എം. ആയിരിക്കും നീളമെന്നാണ് പ്രതീക്ഷിക്കുന്നത്. 180 എം.എം. എന്ന ഈ ശ്രേണിയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും സിട്രോണ്‍ സി3-ല്‍ ഒരുങ്ങും.

2022-ന്റെ പകുതിയോടെ ഈ വാഹനം വിപണിയില്‍ എത്തിയേക്കും. സിട്രോണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമെന്ന ഖ്യാതിയിലുമായിരിക്കും സി3 എത്തുക. സിട്രോണ്‍ പ്രാദേശികമായി നിര്‍മിച്ച കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമം (സി.എം.പി) ആയിരിക്കും സി3-ക്ക് അടിസ്ഥാനം. സി5-ല്‍ നല്‍കിയതിന് സമാനമായ ഗ്രില്ല്, ഷാര്‍പ്പ് ഹെഡ്ലൈറ്റുകള്, വലിയ എയര്‍ഡാം, സ്കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഡി.ആര്.എല്‍. എന്നിവയാണ് ഈ വാഹനം അലങ്കരിക്കുന്നത്.
ശ്രേണിയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനായി ഫീച്ചര്‍ സമ്പന്നമായായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകള്‍, യാത്രക്കാരെ കംഫര്‍ട്ടബിള്‍ ആക്കുന്ന സീറ്റുകള്‍, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്ബോര്‍ഡ് എന്നിവയാണ് അകത്തളത്തെ മറ്റ് ഫീച്ചറുകള്‍.
ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ബ്രസീലിയന്‍ നിരത്തുകളിലെ സി3-യില്‍ നല്‍കിയിട്ടുള്ളതിന് സമാനമായി 1.6 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് എന്‍ജിനിലും ഈ വാഹനത്തെ പ്രതീക്ഷിക്കാമെന്നാണ് വിവരം. അഞ്ച് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നീ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കിയേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..