ഫ്രഞ്ചുകാര്‍ വീണ്ടും വരികയാണ്. ഇന്ത്യന്‍ വാഹന വിപണിയിലേക്ക് ഏറ്റവും അവസാനമായി കാലെടുത്തു വച്ചവരാണ് 'സിട്രോണ്‍' എന്ന ഫ്രഞ്ച് കമ്പനി. തങ്ങളുടെ 'സി5 എയര്‍ക്രോസ്' എന്ന മിഡ് സൈസ് എസ്.യു.വി.യുമായിട്ടായിരുന്നു 'സിട്രോണി'ന്റെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശം. 

30 ലക്ഷത്തിന് മുകളില്‍ വിലയുമായി തങ്ങളുടെ കൊടിയടയാളമായിട്ടായിരുന്നു 'സി5 എയര്‍ക്രോസി'നെ കൊണ്ടുവന്നത്. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കു വേണ്ടി, ഇന്ത്യയില്‍ നിര്‍മിക്കുന്ന പുതിയ കോംപാക്ട് എസ്.യു.വി. 'സി3'യുമായി എത്തിയിരിക്കുകയാണ് 'സിട്രോണ്‍'. ഇന്ത്യയില്‍ 'സിട്രോണ്‍' നിര്‍മിക്കുന്ന ആദ്യ മോഡലാണിത്.

സ്‌റ്റൈലാണ് സിട്രോണ്‍

പുതിയ എസ്.യു.വി.യുടെ രൂപവും സ്‌റ്റൈലും അന്താരാഷ്ട്ര വിപണിയിലുള്ള 'സി5 എയര്‍ക്രോസി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. മുന്‍വശത്ത് ഇരട്ടനിര ഹെഡ് ലാമ്പുകള്‍ പതിവുപോലെ 'സിട്രോണ്‍' ലോഗോയായി മാറിയ ഗ്രില്ലിനുള്ളില്‍ തന്നെയാണ്. ബോഡിക്ക് ചുറ്റും കറുത്ത ക്ലാഡിങ്ങും മുന്‍ ബമ്പറിലെ ഓറഞ്ചും റൂഫ് റെയിലും കറുത്ത പില്ലറുകളും ഇരട്ട നിറത്തിലുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളും ചേര്‍ന്ന് സ്‌റ്റൈലായിട്ടുണ്ട്. 

180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി, അടി പരന്ന സ്റ്റിയറിങ് വീല്‍ എന്നിങ്ങനെ അകം നിറയുന്നു. 315 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് വാഹനത്തിനുള്ളത്. മൊത്തം നീളം 3.98 മീറ്റര്‍. 

എന്‍ജിന്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലിറ്റര്‍, മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനാകുമെന്നാണ് സൂചന. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവലും ഡി.സി.ടി. ഓട്ടോമാറ്റിക് യൂണിറ്റും ഉള്‍പ്പെടും. വില അടുത്ത വര്‍ഷം ആദ്യം പ്രഖ്യാപിക്കും. ഏകദേശം ഏഴു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് സൂചന.

Content Highlights: Citroen C3 Compact SUV, Citroen Second Model For India