ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണും ഇന്ത്യന്‍ നിരത്തുകളുടെ ഭാഗമാകാനൊരുങ്ങുകയാണ്. സി5 എയര്‍ക്രോസ് എന്ന മിഡ്-സൈസ് എസ്.യു.വി. നിരത്തുകളില്‍ എത്തിച്ചാണ് സിട്രോണിന്റെ ഇന്ത്യയിലെ ജൈത്രയാത്ര ആരംഭിക്കുന്നത്. ആദ്യ വാഹനം നിരത്തുകളില്‍ എത്താനൊരുങ്ങുന്നതിനിടെ സിട്രോണിന്റെ പുതിയ ഒരു വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ നിറയുകയാണ്. 

കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സിട്രോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്ന സി3 എയര്‍ക്രോസ് എസ്.യു.വിയാണ് പരീക്ഷണയോട്ടം നടത്തുന്നതെന്നാണ് സൂചനകള്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സി3-യുടെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. സി5 എയര്‍ക്രോസ് നിരത്തുകളില്‍ എത്തി ഏറെ വൈകാതെ തന്നെ ഈ വാഹനത്തെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന.

സി5 എയര്‍ക്രോസ് എസ്.യു.വിയുടെ കോംപാക്ട് പതിപ്പാണ് സി3 എയര്‍ക്രോസ്. ലുക്കിലും ഫീച്ചറുകളിലും സി5-ന് സമാനമായിരിക്കും ഈ വാഹനമെന്നാണ് സൂചന. 4154 എം.എം. നീളവും 1756 എം.എം. വീതിയും 1637 എം.എം. ഉയരവുമായിരിക്കും സി3-ക്ക് ഉള്ളത്. സിട്രോണ്‍ സി.സി.21 എന്ന കോഡ്‌നാമത്തിലായിരിക്കും ഈ വാഹനം ഇന്ത്യയില്‍ നിര്‍മിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സമ്പൂര്‍ണ എസ്.യു.വിയുടെ ഭാവത്തിലാണ് സി3 എയര്‍ക്രോസിന്റെ ഡിസൈന്‍. ക്രോമിയം-ബ്ലാക്ക് ഫിനീഷിങ്ങില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പവര്‍ ലൈനുകളുള്ള ഉയര്‍ന്ന ബോണറ്റ്, ഡ്യുവല്‍ ബീം എല്‍.ഇ.ഡി.ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ക്ലാഡിങ്ങ് ആവരണത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്, മികച്ച അലോയി വീലുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ സ്‌റ്റൈലിഷാക്കുന്നത്.

ഇന്റീരിയറിലും സി5 എയര്‍ക്രോസിന് സമാനമായ ഫീച്ചറുകള്‍ നല്‍കുമെന്നാണ് സൂചന. എന്നാല്‍, കൃത്യമായി ഫീച്ചര്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചായിരിക്കും സി3 എയര്‍ക്രോസ് ഇന്ത്യയില്‍ അവതരിപ്പിക്കുക. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കുകയെന്നും വിവരമുണ്ട്. ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും പ്രതീക്ഷിക്കാമെന്നാണ് വിവരം.

Content Highlights; Citroen C3 Aircross Compact SUV Spotted Testing In Uttar Pradesh